Sunday 6 March, 2011

പ്രണയകഥ

പ്രണയവിപണിയെ കൊഴുപ്പിക്കുന്ന 'valantines' ദിനത്തില്‍ പ്രണയത്തെ കച്ചവട സംസ്കാരത്തിലേക്ക് വലിചിഴക്കാതെ ഇരിക്കണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.  അതിന്റെ ഭാഗമായി ഈ 'valantines' ദിനത്തില്‍ പണം കൊടുത്ത് വാങ്ങുന്ന യാതൊരു ഉപഹാരവും അവര്‍ പരസ്പരം കൈമാറിയില്ല.  അവള്‍ക്കു വേണ്ടി തയ്യാറാക്കിയ രണ്ടു പേജോളം വരുന്ന തന്റെ കാവ്യം ആലേഖനം ചെയ്ത് photoshop ല്‍ താന്‍ തന്നെ ഡിസൈന്‍ ചെയ്ത ഗ്രീടിംഗ് കാര്‍ഡ്‌, 'കോളറകാലത്തെ പ്രണയത്തി'ല്‍ വച്ചു അവന്‍ അവള്‍ക്കു കൈമാറി.  ചിത്രകാരിയായ അവളാകട്ടെ ദിവസങ്ങള്‍ പരിശ്രമിച്ച് അവനു വേണ്ടി തയ്യാറാക്കിയ, രക്തം വാര്‍ന്നൊലിക്കുന്ന രണ്ടായി പിളര്‍ന്ന ചുവന്ന ഹൃദയത്തിലേക്ക് പറന്നു കയറുന്ന വെള്ളരിപ്രാവിന്റെ ഓയില്‍ പെയിന്റിംഗ് ആണ് ഉപഹാരമായി തിരഞ്ഞെടുത്തത്.
യാതൊരു വ്യത്യസ്തതയും ഇല്ലെങ്കിലും തങ്ങളുടെ പ്രണയം വ്യത്യസ്തമാണെന്ന് കരുതുന്ന പ്രണയിതാക്കളുടെ ലോകത്ത് ആയിരുന്നിട്ടും, വളരെ നാളത്തെ പരിചയത്തിനു ശേഷവും പ്രണയത്തെ പറ്റി അവരില്‍ ഒരു ഉറച്ച കാഴ്ചപാട് ഉണ്ടായിരുന്നില്ല.  ഈ 'valantines' ദിനത്തില്‍ പരസ്പരം കൈമാറിയ ഉപഹരങ്ങളിലുടെ അവര്‍ അതേപറ്റി തന്നെ വിണ്ടും സംവദിച്ചു.  പ്രണയം വേദനയും, സമാധാനവും, സന്തോഷവും, സമ്മര്‍ദ്ദവും അതിലുപരി ജീവനും ജീവിതവുമായ ഒരു ഫിക്ഷന്‍ ആയി അവള്‍ ഉപമിച്ചപ്പോള്‍, അവന്റെ സന്ദേശങ്ങള്‍ പ്രണയം എന്ന ഫിക്ഷന്‍ കൊണ്ടാടപ്പെടുകയാണ്.  ആ ഫിക്ഷനെ അതിന്റെ പരമ്യത്തിലെത്തിക്കുന്ന 'കോളറകാലത്തെ പ്രണയ'വും അവന്‍ അവള്‍ക്ക് തന്റെ ഉപഹരത്തോടൊപ്പം കൊടുത്തിരുന്നല്ലോ.  ഏതായാലും പ്രണയത്തെ ഫിക്ഷനായി ചിത്രികരിക്കുന്നതില്‍ അവര്‍ രണ്ടു പേരും സമാന ഹൃദയരായിരുന്നു എന്ന് വേണം കരുതാന്‍.

'valantines' ദിനം പ്രമാണിച്ച് ധാരാളം തര്‍ക്കവിതര്‍ക്കങ്ങളിലുടെ ആണെങ്കിലും അവസാനം പ്രണയം എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ കോളേജില്‍ സംഘടിപ്പിച്ചിരുന്നു.  പ്രണയ വിവാഹിതരായ അധ്യാപകര്‍, കാമുകീ കാമുകന്മാര്‍, പ്രണയ വിരോധികള്‍, പ്രണയാര്ധികള്‍, ഇതൊന്നും അല്ലാത്തവര്‍ അങ്ങനെ ഒരു നിറഞ്ഞ സദസ്സായിരുന്നു സെമിനാര്‍ ഹാള്‍.  അവിടെ അവര്‍ രണ്ടു പേരും തങ്ങളുടെ സ്ഥാനം നേരത്തെ തന്നെ ഉറപ്പിക്കുകയും ചെയ്തിരുന്നു.

സെമിനാറില്‍ ആദ്യം വന്നു സംസാരിച്ച പ്രായം ചെന്ന അധ്യാപകന്‍ പ്രണയത്തിന്റെ മഹാത്മ്യത്തെ കുറിച്ചും, ലോകസമാധാനത്തെ കുറിച്ചും പ്രണയം ഇല്ലായിരുന്നെങ്കില്‍ വന്നു ചേര്‍ന്നെക്കാവുന്ന അവസ്ഥയെ കുറിച്ചും മറ്റും മറ്റും നീണ്ട ഒരു പ്രസംഗം തന്നെ നടത്തി.  എല്ലാവരും പ്രണയിക്കാന്‍ ആഹ്വാനം നല്‍കി നിര്‍ത്തിയെങ്കിലും നിശബ്ദമായ ഒരു ചര്‍ച്ച ആയിരുന്നു അവസാനം നടന്നത്.  പിന്നീടു വന്ന പ്രാസംഗികന്‍ പ്രണയം മിശ്രവിവാഹത്തെ പ്രോത്സഹിപ്പിക്കുന്നതിനെ കുറിച്ചും അത് നാനാത്വത്തില്‍ ഏകത്വം എന്ന തത്വം സാര്ധകമാക്കുന്നതിനെ കുറിച്ചും പ്രസംഗിച്ചു.  ഇതിന്റെ ഒടുവിലത്തെ ചര്‍ച്ച കുറച്ചുകു‌ടി സജീവമായിരുന്നു.  മതംമാറ്റം മുന്നില്‍ കണ്ടു കൊണ്ടുള്ള കപടപ്രണയത്തെ കുറിച്ചും മറ്റും ചര്‍ച്ച വഴുതിമാറി അവസാനിച്ചു.  പ്രണയത്തെ അനുകുലിച്ചും പ്രതികുലിച്ചും കൊണ്ടുള്ള പ്രസംഗങ്ങള്‍ വേണ്ടും നടന്നു.  ഇങ്ങനെ പലവിധ പ്രസംഗങ്ങളും സംവാദങ്ങളും നടക്കുന്നതിനിടയില്‍ അവിവാഹിതനായ ഒരു അധ്യാപകന്‍ സംഭാഷനത്തിനെത്തി.  വിവാദപരവും ചിന്തോദീപകവും ആയ പല ആശയങ്ങളും തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആ അധ്യാപകന്‍ ഇവിടെയും ഒരു വിവാദം സൃഷ്ടിച്ചേക്കുമെന്ന് അവര്‍ രണ്ടു പേരും പ്രതീക്ഷിച്ചിരുന്നു.  അദ്ദേഹം സംസാരിച്ചത് ഒരു വ്യത്യസ്ഥ തലത്തിലയിരുന്നു.

സാധാരണ നാട്ടുനടപ്പ് അനുസരിച്ചു 'പ്രണയസാഫല്യം' എന്നത് കൊണ്ട് അര്‍ത്ഥമാക്കപെടുന്നത് വിവാഹമാണ്.  എന്നാല്‍ വിവാഹത്തെ പ്രണയത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആയി ചിത്രീകരിക്കാന്‍ കഴിയുമോ?  ഇവിടെ നിന്നാണ് ആ സംഭാഷണം തുടങ്ങുന്നത്.  പ്രണയം എന്നത് ഫിക്ഷനും വിവാഹം എന്നത് യാഥാര്‍ത്ഥ്യവും, ഫിക്ഷനും യാഥാര്‍ത്ഥ്യവും പരസ്പരം വിപരീതങ്ങളും ആയിരിക്കെ, വിവാഹത്തോടെ പ്രണയത്തിനു ആത്മഹത്യ ചെയ്യാതെ നിവര്തിയുണ്ടോ?  വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവന്‍ പ്രണയിച്ചു ജീവിക്കാന്‍ കഴിയുമോ?  വിവാഹമാണോ പ്രണയമാണോ കുടുതല്‍ ജീവിതോന്മേഷം നല്‍കുന്നത്?  ഇങ്ങനെ ചോദ്യങ്ങള്‍ ശരം കണക്കെ ഓരോരുത്തരുടെയും മനസ്സിലേക്ക് പായിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.  വിവാഹിതരുടെ ഇടയില്‍ അസ്വസ്ഥതയും, വിവാഹിതരാകാന്‍ പോകുന്നവരുടെ ഇടയില്‍ ഭയവും, അവിവാഹിതരുടെ ഇടയില്‍ സമ്മര്‍ദ്ദവും, പ്രണയിതാക്കളുടെ ഇടയില്‍ തീക്കനലും വാരിവിതറി കൊണ്ട് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ ചര്‍ച്ച വളരെ സജീവമായിരുന്നു.

വിദേശരാജ്യങ്ങളിലും, ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയും ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ നിലനില്‍ക്കുന്ന 'live in relationship' നെ പറ്റിയായി ചര്‍ച്ച.  അത്, പിന്നീടു കുടുംബത്തിന്റെ ശിധിലീകരണത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചും, വാര്‍ധക്യത്തിന്റെ ഏകാന്തതയെ കുറിച്ചും മറ്റും വഴിമാറി സഞ്ചരിച്ചു.  കുടുംബ വ്യവസ്ഥയില്‍ അടിമുടി നില നില്‍ക്കുന്ന കൃത്രിമത്വം പിന്നീടു ചര്‍ച്ചയെ കുടുതല്‍ സജീവമാക്കി.  ഒടുവില്‍ അരാജകജീവിതം വരെ വന്നെത്തി എല്ലാ പ്രാവശ്യത്തെയും പോലെ സമയ ദൌര്‍ലഭ്യം കാരണം ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നു.  ചര്‍ച്ചകളും തിരക്കുകളും എല്ലാം കഴിഞ്ഞപ്പോഴേക്കും അവര്‍ രണ്ടു പേരും സംശയങ്ങളുടെ കൊടുമുടിയില്‍ എത്തിയിരുന്നു.  യാഥാര്‍ത്ഥ്യത്തെ സ്വപ്നലോകത്ത് നിന്ന് നേരിടണമോ അതോ സ്വപ്നലോകത്തെ യാഥാര്‍ത്ഥ്യം കൊണ്ട് നേരിടണമോ എന്നതായിരുന്നു അവരുടെ മുന്നിലെ ചോദ്യം.

വര്‍ഷങ്ങള്‍ക്കു ശേഷം - 1

valantines ദിനങ്ങള്‍ ഒരുപാടൊരുപാട് കടന്നു പോയി.  കോളേജിലെ പുര്‍വവിദ്യാര്‍ഥി സങ്കമവേള.  പഴയകാല ജീവിതത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും, പരസ്പരം പങ്കിടാനും ഓര്‍മ്മചെപ്പിന്റെ ആഴങ്ങളില്‍ മണ്മറഞ്ഞു പോയവയെ പരതി തേച്ചു മിനുക്കാനും ജീവിതത്തിന്റെ 'തിരക്കുകളില്‍' മുങ്ങിയപ്പോള്‍ എങ്ങോ പോയി മറഞ്ഞ് ഇല്ലാതായ ആ 'നല്ല വസന്ത കാലത്തെ' കുറിച്ചു ഓര്‍ത്ത്‌ കണ്ണീര്‍ വരക്കാനും പലരും തത്രപ്പാടിലായിരുന്നു.  ഇതിനിടെ സ്വപ്നലോകത്തെന്ന പോലെ രണ്ടു പേര്‍ എല്ലാവര്‍ക്കുമിടയില്‍ സല്ലപിച്ചു നടക്കുന്നു.  പലരും പറഞ്ഞു: അവരിപ്പോഴും പ്രണയത്തിലാണ്;  അവരുടെ മനസ്സില്‍ എന്നും വസന്തകാലമാനത്രേ; കാലത്തെ തോല്പിച്ചവര്‍; സ്വപ്നലോകം കൊണ്ട് യാഥാര്‍ത്ഥ്യത്തെ കീഴടക്കിയവര്‍.

വര്‍ഷങ്ങള്‍ക്കു ശേഷം - 2

ശിശിരകാലത്തിലെ ഒരു സായാഹ്നം.  കടല്‍ തീരത്തു മണ്പ്രതിമ കെട്ടി കളിക്കുന്ന തങ്ങളുടെ മകളെ നോക്കി തീരത്തു ഇരിക്കുന്ന അച്ഛനും അമ്മയും.  മകളുടെ പ്രവര്‍ത്തികളില്‍ നോക്കി അനന്തം കണ്ടെത്തുന്നതോടൊപ്പം സായാഹ്ന സുര്യനെ നോക്കി അതിന്റെ വശ്യ സൌന്ദര്യവും അവര്‍ വേണ്ടുവോളം ആസ്വദിക്കുന്നുണ്ട്.  അതോടൊപ്പം മകളുടെ ഭാവി കാര്യങ്ങളെ പറ്റിയുള്ള ഗഹനമായ ചിന്തകളും ചര്‍ച്ചകളും.  ചെറിയ ലോകം മനസ്സിലുള്ളവര്‍ക്ക് നല്ല കുടുംബനാഥനും നാഥയുമാകാന്‍ കഴിയുമത്രേ.  ഒരു കാലത്ത് വിപ്ലവം സൃഷ്ടിച്ച എന്നാല്‍ പിന്നെടെപ്പോഴോ ആ വിപ്ലവം ഒക്കെ സമുഹത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക്  മുന്നില്‍ അടിയറവു പറഞ്ഞു കീഴടങ്ങിയ ആ പഴയ കമിതാക്കള്‍ ഇന്ന് പരസ്പം അവകാശികളായി മറ്റൊരു ലോകത്ത് ഒരു കുടുംബത്തിന്റെ നാഥനും നാഥയുമായി കഴിയുന്നു.  സ്വപ്ന ലോകങ്ങള്‍ അവര്‍ക്ക് അന്യമായിട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം - 3

കുടുംബ കോടതിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍.  രണ്ടു പേരെയും യോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ പഴ്വേലയാണെന്ന് മനസ്സിലാക്കിയ കോടതി അവരുടെ വിവാഹമോചനത്തിനുള്ള നടപടികളിലേക്ക് കടന്നു.  സ്വപ്ന ലോകത്ത് പടുത്തുയര്‍ത്തിയ കൊട്ടാരത്തിന്റെ അടിത്തറ തോണ്ടി അവിടേക്ക് വെള്ളം ഒഴുക്കി വിട്ടത് രണ്ടു പേരും ചേര്‍ന്ന് തന്നെ ആയിരുന്നു.  എന്നാല്‍ ആ കൊട്ടാരം നിലംപൊത്തിയാല്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ രണ്ടു പേര്‍ക്കും സഹിക്കവുന്നതിനപ്പുരത്തായിരുന്നു.  അത് കൊണ്ട് തന്നെ വന്നെത്തിയേക്കാവുന്ന ഒരു പ്രളയത്തെ മുന്നില്‍ കണ്ട് അവര്‍ രണ്ടുപേരും എന്നും ചെയ്തിരുന്ന പോലെ നന്നായി ആലോചിച്ചെടുന്ന ഉറപ്പുള്ള തീരുമാനമായിരുന്നു വിവാഹമോചനം.  കുടുംബത്തിന്റെ കെട്ടുപാടുകള്‍ സ്വാതന്ത്ര്യം കൊതിക്കുന്ന മനസ്സുകള്‍ക്ക് വിലങ്ങുതടിയവാന്‍ അവര്‍ രണ്ടു പേരും അനുവദിച്ചില്ല.  അവര്‍ക്കിടയിലെ പ്രണയം നഷ്ടമാകുന്നതിന്റെ വേദനയും പേറി നടക്കാന്‍ രണ്ടു പേരും തയ്യാറല്ലെന്ന് ഏറ്റുപറഞ്ഞു കൊണ്ടാണ് വിവാഹമോചനം തിരഞ്ഞെടുത്തത്.  നേരത്തെ തന്നെയുള്ള വിപ്ലവചിന്ത കാരണം സന്തതികള്‍ ഒന്നും വേണ്ടെന്നു വച്ചത് ഇപ്പോള്‍ അനുഗ്രഹമായെന്ന് അവര്‍ പരസ്പരം ആശ്വസിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷം - 4
ദൂരയത്ര പോകുന്ന ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്ന് രണ്ടു മധ്യവസ്കര്‍ യാത്ര ചെയ്യുകയാണ്.  ഈ ബസിലെ യാത്ര അവസാനിച്ചാല്‍ രണ്ടു വ്യത്യസ്ഥ പരിസരങ്ങളിലേക്ക് പിരിഞ്ഞു പോകേണ്ടവര്‍.  സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി രണ്ടു വ്യത്യസ്ഥ കുടുംബങ്ങളുടെ നാഥനും നാഥയുമായി മാറേണ്ടി വന്നവര്‍.  ഇത് പോലെ ഇടക്കിടെയുള്ള യാത്രകളില്‍ അവര്‍ ഇന്നും പ്രണയിക്കുന്നു.  കുടുംബത്തിന്റെ കേട്ട്പാടുകള്‍ അവരുടെ പ്രണയത്തെ ശ്വാസം മുട്ടിക്കാതിരിക്കാന്‍ രണ്ടു പേരും സ്വന്തം കുടുംബങ്ങളില്‍ അന്യോന്യം പരിചയപ്പെടുത്തണം എന്നൊക്കെ ചിന്തിച്ചിരുന്നു.  എങ്കിലും അത് വീര്‍പ്പുമുട്ടുന്ന പ്രണയത്തെ കുടുതല്‍ ശ്വാസം മുട്ടിചെക്കുമെന്നും അങ്ങനെ എന്നെന്നേക്കുമായി അത് മരിച്ചു പോകുമെന്നും ഭയന്ന് രണ്ടു പേരും അവരുടെ പ്രണയത്തെ ഇങ്ങനെയുള്ള യാത്രകളില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയിരിക്കുന്നു.

Monday 22 November, 2010

മരണത്തിനു ജീവിതത്തോടു പറയാനുള്ളത്

ഇന്നലെ ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആരോ ഫോണില്‍ വിളിച്ചു പറഞ്ഞു: 'മുപ്പിലാന്‍ ചത്തു'.  തികഞ്ഞ അവഗണനയോടെയുള്ള ആ നിസ്സാരമായ വാചകം ഉണ്ടാക്കിയ ശക്തമായ ഇടിമുഴക്കത്തിന്റെ ഇരംബങ്ങള്‍ എന്റെ മനസ്സില്‍ കുറേ നേരത്തേക്ക് നിണ്ടുനിന്നു.  ഇന്നലെയായിരുന്നു മരണം എന്ന് പറയാന്‍ കഴിയില്ല.  കാരണം ഇന്നലെയാണ് പുറംലോകം അറിയുന്നത്, അദ്ദേഹം ഒരു കയറില്‍ തന്റെ ഉച്ച്വാസനിശ്വാസങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചിരുന്നു എന്നത്.  ഏകദേശം ഒരു ദിവസമെങ്കിലും അദ്ദേഹത്തിന്റെ പ്രേതം അനാഥമായി കിടന്നിട്ടുണ്ടാകണം.  ബന്ധുക്കള്‍ ധാരാളം ഉണ്ടായിട്ടും എന്നും ഒറ്റയാനായി മാത്രം ജീവിച്ച മനുഷ്യന്‍.  പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേള്‍ക്കുകയും എതിര്‍ത്തൊന്നും പറയാതിരിക്കുകയും ചെയ്യുന്നവരായത് കൊണ്ട് ദൈവങ്ങള്‍ എന്നും അദ്ദേഹത്തിന്റെ ഉത്തമ സുഹൃത്തുക്കള്‍ ആയിരുന്നു.  മരണവാര്‍ത്ത കേള്‍ക്കുന്ന ഓരോരുത്തരും അവരവരുടേതായ വ്യാഖ്യാനങ്ങള്‍ പറഞ്ഞു തുടങ്ങി, സാധാരണ മരണം അല്ലാത്തത് കൊണ്ട് പ്രത്യേകിച്ചും.


ആ മനുഷ്യന് ഇത് ചെയ്യേണ്ട എന്തെങ്കിലും അവശ്യം ഉണ്ടായിരുന്നോ എന്ന് ചിലര്‍ ആശ്ചര്യപ്പെട്ടു.  ചിലര്‍ പറഞ്ഞത് ഇങ്ങനെ ഒരു മരണമേ അദ്ദേഹത്തിനു സാധിക്കുമായിരുന്നുള്ളൂ എന്നാണ്.  ചിലര്‍ പറഞ്ഞു അയാള്‍ ഇത് ചെയ്തത് എന്തായാലും നന്നായി എന്ന്.  അയല്‍ക്കാരില്‍ ചിലര്‍ക്ക് ഇനി എങ്ങനെ പേടി കുടാതെ രാത്രിയില്‍ പുറത്തിറങ്ങും എന്ന സന്ദേഹം ആയിരുന്നു.  മറ്റു ചിലരാകട്ടെ എങ്ങനെ, എവിടെ, ആര് ആദ്യം കണ്ടു, എങ്ങനെയുണ്ടായിരുന്നു കാണാന്‍, തുടങ്ങിയ ചോദ്യങ്ങളില്‍ മാത്രം ഒതുങ്ങി.  ഞാനാകട്ടെ ആ പ്രേതത്തെ ഒരിക്കല്‍ പോലും കാണാന്‍ നില്‍ക്കാതെ പേപ്പര്‍ എടുത്ത് ഇതൊക്കെ കുത്തികുറിക്കുന്നു.
  
എല്ലാവര്ക്കും മുന്നില്‍ കുറെ ചോദ്യങ്ങള്‍ നിരത്തി അദ്ദേഹം തന്റെ 70 വര്‍ഷത്തെ ജീവിതത്തിനു ഒരു തിരശ്ശില ഇട്ടു.  അദ്ദേഹത്തിന്റെ ഭൂതകാലത്തെ പറ്റി, ജീവിതരീതിയെ പറ്റി, കുടുംബ സാഹചര്യങ്ങളെ പറ്റി പലതും കേള്‍ക്കുന്നു.  മരണമാണല്ലോ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ നല്‍കുന്നത്.  ആരോടും സഹകരിച്ച്, യോചിച്ച് പോകാന്‍ കഴിയാത്ത പ്രകൃതം.  ഭാര്യമാരും മക്കളും ഉണ്ടായിരുന്നിട്ടും ഇത്രയും കാലത്തെ ഏകാന്തവാസം അത് ശരിവക്കുന്നു.  ആരാലും നിയന്ത്രിക്കപ്പെടാന്‍ ഇഷ്ടപ്പെടാതെയും സ്വന്തം ശരികളില്‍  മാത്രം മുറുകെ പിടിച്ചും അദ്ദേഹം ജീവിച്ചു, മരിച്ചു.  അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം ആരെയും ദുഃഖത്തിന്റെ ആഴകടലുകളിലേക്കൊന്നും തള്ളിയിട്ടിട്ടുണ്ടാകില്ല.  ഏതായാലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ന് ഒരു ശുന്യതയായി മാറിയിരിക്കുന്നു.


സ്വന്തം മരണം സ്വയം തിരഞ്ഞെടുക്കാന്‍ നമ്മുടെ ഭരണഘടനയില്‍ വകുപ്പൊന്നും ഇല്ലെന്ന് അറിഞ്ഞോ അറിയാതെയോ അദ്ദേഹം അത് തിരഞ്ഞെടുത്തു.  അന്ത്യസമയങ്ങളില്‍ പ്രക്ഷുബ്ധമായതോ ശാന്തമയതോ ആയ എന്തൊക്കെ ചിന്തകള്‍ ആയിരിക്കും ആ മനസ്സിലുടെ കടന്നു പോയിട്ടുണ്ടാവുക?  ഈ കൃത്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഏതെങ്കിലും ഘടകത്തിനു കഴിയുമയിരുന്നുവോ?  പിടിച്ച് നില്ക്കാന്‍ അവസാനം വരെയും അദ്ദേഹം ശ്രമിച്ചു എന്ന് മരണത്തിനു ദിവസങ്ങള്‍ക്കു മുന്‍പുള്ള സംസാരങ്ങള്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു.  എങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങാന്‍ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിട്ടില്ല (ആത്മഹത്യ ഒരു വഴങ്ങലായി കണക്കാക്കിയില്ലെങ്കില്‍).  ഈ മരണം ഇത്തരത്തില്‍ ആവാനുള്ള കാരണക്കാരന്‍ അദ്ദേഹം മാത്രമാണെന്ന് എല്ലാവരും അടിയുറച്ചു തന്നെ വിശ്വസിക്കുന്നു.  ആത്മഹത്യ ഒരു പരാജയം എന്ന നിലക്ക് പൊതുസമുഹം വിലയിരുത്തുമ്പോള്‍ ആ വിശ്വാസം ശരിയാണെന്ന് സമ്മതിക്കാം.  എന്നാല്‍ ആത്മഹത്യയിലുടെ അദ്ദേഹം പരാജയം സമ്മതിക്കുകയായിരുന്നോ അതോ വിജയിക്കുകയയിരുന്നോ എന്നത് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?  ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക് തന്റെ ഇഷ്ടങ്ങളെയും ശീലങ്ങളെയും അടിയറവു വയ്ക്കാന്‍ തയാറാകാതെ മരണം തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിനു അതൊരു വിജയം തന്നെയാകനാണ് സാധ്യത.  ആത്മഹത്യ തിരഞ്ഞെടുക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഇങ്ങനെയൊരു വിജയത്തിന്റെ തത്വശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ടാകാം.


പറയുന്ന കാര്യങ്ങളില്‍ ഭുരിഭാഗവും കളവും സ്വയംപ്രശംസകളും ആയിരുന്നെങ്കിലും അതിലെവിടെയോക്കെയോ തന്നെ ആത്മഹുതിയിലെക്ക് നയിച്ച സത്യങ്ങളും അദ്ദേഹം ഒളിപ്പിച്ചിട്ടുണ്ടാകണം.  ആ സത്യങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ളവരാരും ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍.  അല്ലെങ്കില്‍ അദ്ദേഹം ആരെയും അതിന് അനുവദിച്ചിട്ടില്ല.  ജീവിതത്തിന്റെ തെളിവ് മരണവും മരണത്തിന്റെ തെളിവ് ജീവിതവും മാത്രം ആകുമ്പോള്‍ ആത്മഹത്യ എന്തിന്റെ തെളിവാകുന്നു?  ജീവിത വിജയത്തിന്റെയോ അതോ പരാജയത്തിന്റെയോ അതോ അതിനപ്പുറമോ ആയ തെളിവുകള്‍ ആകാന്‍ ആത്മഹത്യക്ക് കഴിയുന്നില്ലേ?  ഏതായാലും ആത്മഹത്യ മനുഷ്യമനസ്സിന്റെ ശക്തമായ ഒരു statement ആയി മാറുകയാണിവിടെ.  അദ്ദേഹം സ്വന്തം നുണകളുടെ ഇടയില്‍ ഒളിപ്പിച്ച സത്യങ്ങളുടെ ശക്തമായ, ശുന്യമായ ഒരു statement.


ഏതായാലും അദ്ദേഹം വിജയിച്ചോ പരാജയപ്പെട്ടോ എന്ന് തീരുമാനിക്കുന്നതിന് മുംബ് ഈ പറഞ്ഞ വിജയം അല്ലെങ്കില്‍ പരാജയം എന്താണെന്ന ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടി വരും.  ഒരു പരിഹാരത്തെയാണ്‌ വിജയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ഒരു സംപുര്‍ണപരാജയം തന്നെയായിരുന്നു.  മറിച്ച് ഒരു രക്ഷപെടല്‍ ആണ് വിജയം എന്നതിന്റെ അര്‍ഥം എങ്കില്‍ അദ്ദേഹം ഒരു വിജയിയും ആകുന്നു.  അങ്ങനെയെങ്കില്‍ സാമ്പത്തികമായ പരാജയം, വാര്‍ധക്യം, രോഗം ഇതിനെല്ലാം ഉപരി ആരോടും സഹകരിക്കാന്‍ കഴിയാത്ത മനസ്സ്;  ഈ പ്രശ്നങ്ങള്‍ക്ക് തന്റെ എഴുപതാം വയസ്സില്‍ അദ്ദേഹം കണ്ടെത്തേണ്ടിയിരുന്ന പരിഹാരം എന്തായിരുന്നു?  ആ പരിഹാരം തന്നെയാണോ ഈ രക്ഷപെടല്‍?

Saturday 30 October, 2010

സഞ്ചരിക്കുന്ന പാട്ടുപെട്ടി

ലക്ഷ്യബോധമില്ലാതെയുള്ള യാത്ര; അതായിരുന്നു അവന്റെ ജീവിതശൈലി.  അവന്‍ അതില്‍ സന്തോഷവാനുമായിരുന്നു.  സന്തോഷമാണല്ലോ മനുഷ്യന് അടിസ്ഥാനമായി വേണ്ടുന്നത്.  അവന്‍ പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്.  എന്തിനാണ് അധികം വായിച്ച്, ചിന്തിച്ച് ബുദ്ധിമുട്ടുന്നത്?  ഇതൊന്നും ചെയ്യാതെ തന്നെ സന്തോഷിക്കാന്‍, ആടാന്‍, പാടാന്‍ കഴിയുമെന്നിരിക്കെ, എന്തിനു ബുദ്ധിമുട്ടണം?  ടി.വി. ഓണാക്കിയപ്പോള്‍ അതില്‍ പൊരിഞ്ഞ ചര്‍ച്ച.  വിഷയം 'പുതിയ തലമുറ'. (New Generation).  ഒരാള്‍ ചോദിക്കുന്നു..
എല്ലാവരും പുതിയ തലമുറയെ കുറ്റപ്പെടുത്തുന്നു.  ഈ പുതിയ തലമുറ എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ശുന്യാകശത്തു നിന്ന് ഭൂമിയിലേക്ക് അവതരിച്ചതാണോ?  അല്പം ചില വിരുതരുടെ സംസാരം, പുതിയ തലമുറ മൊത്തത്തില്‍ വഴിപിഴച്ചു പോയി എന്ന മട്ടിലാണ്‌.  പഴയ തലമുറയുടെ നിരുത്തരവാദിത്വം വരുത്തിയ വിന മറച്ചു പിടിക്കാനുള്ള ഒരു തന്ത്രമല്ലേ ഈ കുറ്റപ്പെടുത്തല്‍?
അവന്‍ പെട്ടെന്ന് റിമോട്ട് എടുത്ത് ചാനല്‍ മാറ്റി.  റിയാലിറ്റി ഷോ തുടങ്ങാന്‍ സമയമായി.

പറയാന്‍ എളുപ്പമുള്ളതും കേള്‍ക്കാന്‍ ഇമ്ബമുള്ളതുമായ ജീവിതമുല്യങ്ങളെ കുറിച്ച് ആരോ സംസാരിക്കുന്നത് കഴിഞ്ഞ ദിവസമാണ് അവന്‍ കുറച്ച് സമയം ശ്രദ്ധിച്ചത്.  അത് കേട്ടപ്പോള്‍ ഫിസിക്സ്‌ പ്രൊഫസര്‍ ഇടയ്ക്കിടെ ക്ലാസ്സില്‍ പറയാറുള്ള പഴമൊഴിയാണ്‌ അവന്‍ ഓര്‍ത്തത്.  'Necessity is the mother of invention'.  ഇന്ന് പണം എന്നത് ജീവിതസുഖത്തിന്റെ ഒരു അടിസ്ഥാന മാനദണ്ഡം ആയിരിക്കെ പണം നേടിത്തരാന്‍ ഇവിടെ കൊട്ടിഘോഷിക്കപ്പെട്ട ജീവിതമുല്യങ്ങള്‍ക്ക് കഴിയുന്നുണ്ടോ?  ഇവിടെ Necessity പണമാകുമ്പോള്‍ Invention  എന്താകണം എന്നതാണ് അവന്റെ മനസ്സിനെ അലട്ടിയത്.  എന്താകണം ആ invention?  അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് പരീക്ഷക്ക്‌ പഠിക്കാനുള്ള സമയം പഴാക്കരുതെന്നാണ് പുതുതായി വന്ന Electronics അധ്യാപികയുടെ പക്ഷം.  എന്തിനു കുടുതല്‍ ചിന്തിക്കണം?  പരീക്ഷാപേപ്പറില്‍ എഴുതാനുള്ളത് മുഴുവന്‍ ഒരു capsule നോട്ടായി തയാറാക്കിയത് അവന്റെ ബാഗില്‍ അപ്പോഴും സുക്ഷിച്ചിട്ടുണ്ടായിരുന്നു.  ഏതായാലും ജീവിത മുല്യങ്ങളെ കുറിച്ച് സംസരിക്കുന്നയാളിന്റെ ശബ്ദം ഒഴിവാക്കാന്‍ മൊബൈല്‍ ഫോണില്‍ ഹെഡ്സെറ്റ്  കണക്ട് ചെയ്ത് ചെവിയില്‍ പിടിപ്പിച്ചു.  മധുര സംഗിതം പോഴിയുകയായി.  ഈ പാട്ട്പെട്ടി ഇല്ലാതെ വീടിനു പുറത്ത് ഇറങ്ങേണ്ടി വരുന്ന ഒരു ഭീകരമായ അവസ്ഥയെക്കുറിച്ച് അവന്‍ ചിന്തിച്ചു.

ആ ദുരന്തം അടുത്തിടെ തന്നെ സംഭവിച്ചു.  പ്രഭാതത്തില്‍ ഉണരുവാനുള്ള മടി തനിക്ക് ജന്മ സിദ്ധമാണ് എന്ന് അവന്‍ അവകാശപ്പെടുന്നത് കൊണ്ട് അന്നും വളരെ താമസിച്ച് തന്നെയാണ് ഉറക്കം ഉണര്‍ന്നത്.  പല്ല് തേക്കാനുള്ള സമയക്കുറവ് കാരണം കഴിക്കാന്‍ നിന്നില്ല.  കുറച്ച് സുഗന്ധവും പൂശി ഇറങ്ങിയ അവന്‍ പോകുന്ന വഴിക്ക് പശുവിന്റെ പല്ലിനു പോലും വെട്ടിത്തിളക്കം നല്‍കുന്ന സാധനവും, കപ്പലണ്ടി പോലെ കൊറിക്കാന്‍ പറ്റിയ കവറില്‍ കിട്ടുന്ന സാധനവും വാങ്ങാന്‍ മറന്നില്ല.  ഈ തിരക്കിനിടയിലാണ് മൊബൈല്‍ ഫോണിന്റെ ഹെഡ്സെറ്റ്  എടുക്കാന്‍ മറന്നത്.  ബസ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നതേയുള്ളു.  അതാ വരുന്നു തന്റെ ഘ്രാണശേഷിയെ വെല്ലു വിളിച്ചു കൊണ്ട്  ദുര്‍ഗന്ധം വമിക്കുന്ന ശരീരവും പേറി ഒരു യാചകന്‍.  ഹെഡ് ഫോണ്‍ ചെവിയില്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഇമ്മാതിരി അസ്സത്തകള്‍ അധികം അടുക്കില്ലായിരുന്നു.  എന്തായാലും ശല്യം ഒഴിച്ചുവിടന്‍ പോക്കറ്റില്‍ തടഞ്ഞ നാണയം അവനു തുണയായി.

യാചകന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ യാദൃശ്ചികമായാണ് അവന്‍ അയാളുടെ മുഖം ശ്രദ്ധിക്കാനിടയായത്.  തന്റെ മരിച്ചുപോയ മുത്തച്ഛന്റെ മുഖസ്സാദ്രിശ്യം അവന് അയാളില്‍ അനുഭവപ്പെട്ടു.  തുടര്‍ന്ന് അവന്‍ അയാളുടെ ഓരോ ചലനവും സസുക്ഷ്മം ശ്രദ്ധിച്ചുകൊണ്ടിരുന്നു.  കുറച്ചു സമയം മുന്പ് താന്‍ ചിന്തിച്ച ആ 'അസ്സത്ത' ഒരു മനുഷ്യനാണെന്നും ആ ശരീരത്തിനുള്ളില്‍ തനിക്കുള്ളത് പോലെ ജീവിച്ചിരിക്കുന്ന ഒരു ആത്മവുണ്ടെന്നുമുള്ള ചിന്ത ഒരു ഞെട്ടലോടെ അവന്റെ മനസ്സിലേക്ക് തുളഞ്ഞു കയറി.  അവന്റെ കടിഞ്ഞാണില്ലാത്ത മനസ്സ് ചിന്തിക്കാന്‍ തുടങ്ങി.  ഇവര്‍ എങ്ങനെ ജീവിക്കുന്നു?  ഇവരുടെ ദിനചര്യകള്‍ എന്തൊക്കെ?  ഇവര്‍ക്ക് ബന്ധുക്കളുണ്ടോ?  ഇവര്‍ നമ്മളെ എങ്ങനെ കാണുന്നു?  എന്തുകൊണ്ട് ഇവര്‍ ഇങ്ങനെ?  ഇവര്‍ നമ്മുടെ സമുഹത്തിന്റെ തന്നെ ഭാഗമാണോ?  ഇവര്‍ സന്തോഷം കണ്ടെത്തുന്നുണ്ടോ?  ഭരണഘടന ഉറപ്പ് നല്‍കുന്ന പൌരാവകശങ്ങളുടെ പ്രസക്തി ഇവര്‍ക്ക് എത്രയുണ്ട്?

ചോദ്യങ്ങള്‍ മഴത്തുള്ളികള്‍ പോലെ അവന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയപ്പോള്‍ പൊടുന്നനെ അവനു ഒരു ഉത്തരം കിട്ടി.  'പണം'; അതാണ് ഇവരെ വേര്‍തിരിക്കുന്ന ഘടകം.  താന്‍ കൊടുത്ത നാണയം വളരെ കുറഞ്ഞു പോയോ?  രാവിലെ വീട്ടില്‍ നിന്ന് കിട്ടിയ പോക്കറ്റ്‌മണി കയ്യിലുണ്ടായിരുന്നു.  അത് മുഴുവന്‍ അയാള്‍ക്ക് കൊടുക്കാമായിരുന്നു.  വീണ്ടും ചോദ്യങ്ങള്‍ അവനെ കുഴക്കി.  കഴിഞ്ഞ ദിവസങ്ങളില്‍ ഹെഡ്ഫോണില്‍ പാട്ട് കേട്ട്കൊണ്ട് നില്‍ക്കുമ്പോള്‍ തന്നെ കടന്നു പൊയ്ക്കൊണ്ടിരുന്ന യാചകരെ പറ്റി ചിന്തിച്ചു.  അവരുടെ എണ്ണത്തിന് തന്റെ പോക്കറ്റിലെ പൈസയുമായി യാതൊരുവിധ ഐക്യതയുമില്ലെന്നു തിരിച്ചറിയാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല.  ചിന്തകളുടെ ഒടുവില്‍ താന്‍ ആ യാചകന് ഭിക്ഷ കൊടുത്തത് തന്നെ തെറ്റായി പോയോ എന്ന മട്ടിലായി കാര്യങ്ങള്‍.  എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉത്തരം കിട്ടുന്ന ചോദ്യങ്ങളാണിഷ്ടം.  അവന്റെ മനസ്സില്‍ ഉള്ള ചോദ്യം 'ഭിക്ഷക്കാര്‍ക്ക് ഭിക്ഷ കൊടുക്കുന്നത് ശരിയോ തെറ്റോ?'.  അതിനു ഒറ്റവാക്കിലുള്ള ഉത്തരം കണ്ടുപിടിക്കാനുള്ള വിഷമതയില്‍ നിന്നും അവനെ പിടിച്ചു കയറ്റിയത് അവനു പോകാനുള്ള ബസ്സായിരുന്നു.  അത് സമയത്ത് തന്നെ വന്നത് കൊണ്ട് കുടുതല്‍ ചിന്തിച്ചു 'വിലപ്പെട്ട സമയം' പാഴാക്കിയില്ല.

ബസ്സില്‍ പൊതുവേ തിരക്ക് കുറവായിരുന്നു.  വലതു വശത്തെ ഒരു സൈഡ്സീറ്റ് അവനു വേണ്ടി ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.  അതില്‍ ഇരുന്നപ്പോള്‍ മുതല്‍ അവനു എന്തെന്നില്ലാത്ത വിമ്മിഷ്ടം.  ഹെഡ്ഫോണ്‍ ഇല്ലാത്ത ബസ്‌യാത്ര ഇത്ര ഭികരമോ?  അങ്ങനെയിരിക്കെയാണ് ഒരു വയോവൃദ്ധന്‍ മറ്റു പല സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും തന്റെ അടുത്ത്‌ വന്നിരുന്നത്.  പൂചക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന മട്ടില്‍ അയാളെ ഒന്ന് നോക്കി ദഹിപ്പിക്കാന്‍ ശ്രമിച്ചിട്ടും പുള്ളിക്ക് കണ്ട മട്ടില്ല.  ഇത്രയും ദുരന്തങ്ങള്‍ക്കിടയില്‍ വെന്തെരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്  എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ ആ വൃദ്ധന്‍ അവനോടു സംസാരിക്കാന്‍ തുടങ്ങിയത്.  ഹെഡ്ഫോണ്‍ ഇല്ലാത്തതിന്റെ ദുരിതങ്ങള്‍!  അയാള്‍ പറയുന്നതൊന്നും താന്‍ ശ്രദ്ധിക്കുന്നില്ലെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ പഴയിക്കൊണ്ടിരുന്നപ്പോഴാണ് പറയുന്ന കാര്യങ്ങള്‍ വെറുതെ ശ്രദ്ധിച്ചത്.
വൃദ്ധന്‍ നടന്നു വരുന്ന വഴിക്ക് യുവതിയെയും യുവാവിനെയും ഹരാസു ചെയ്യുന്ന പോലീസുകാരെക്കുറിച്ചും, തന്നെ തെറി പറഞ്ഞു കടന്നു പോയ മന്ത്രിയുടെ പോലീസ് എസ്കോര്‍ട്ടിനെ കുറിച്ചും, ഇലക്ഷന് വോട്ട് ചെയ്യാതിരുന്നതിനെക്കുറിച്ചും, രാഷ്ട്രീയം കുതിരക്കച്ചവടമായതിനെ കുറിച്ചും, ജനങ്ങള്‍ നോക്കുകുത്തികളാകുന്നതിനെ കുറിച്ചും, ഇല്ലാത്തവന്‍ ഇല്ലാതാകുന്നതിനെ കുറിച്ചും മറ്റും മറ്റും ഇറങ്ങേണ്ടുന്ന സ്ഥലം എത്തുന്നത് വരെ അയാള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.  അയാള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ പുറകില്‍ ഇരുന്ന മാന്യനായ വ്യക്തി അടക്കിപ്പിടിച്ച ചിരിയുമായി പറഞ്ഞു.  വട്ടായി പോയ ഒരു പഴയ വിപ്ലവകാരിയാണത്രേ!  ഒരു ഭ്രാന്തന്റെയടുത്താണ് താന്‍ ഇതുവരെ ഇരുന്നതെന്ന ഞെട്ടലിനേക്കാള്‍ ശക്തമായിരുന്നു അയാള്‍ തന്റെ മനസ്സില്‍ വിതറിയ ചോദ്യങ്ങളുടെ തീവ്രത വരുത്തിവച്ച ആഘാതം എന്നവനു തോന്നി.  വീണ്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.  ബസ്‌ സ്റ്റോപ്പില്‍ വച്ചു കണ്ട വൃദ്ധന്റെ മുഖവും ഇടയ്ക്കിടയ്ക്ക് തികട്ടി വരുന്നുണ്ടായിരുന്നു.  ഒരു ദിവസം ഹെഡ്ഫോണ്‍ ഇല്ലാതായാല്‍ ഇങ്ങനെയും പ്രശ്നങ്ങള്‍ ഉണ്ടാകുമോ?  ഇതിനിടയില്‍ പെട്ടെന്നാണ് അന്ന് കോളേജില്‍ നടക്കാന്‍ പോകുന്ന പരീക്ഷയെപ്പറ്റി അവന്‍ ഓര്‍ത്തത്.  ബസ്‌യാത്ര ഇനിയും ഏകദേശം 20 മിനുട്ടോളം ഉണ്ട്.  ഉടന്‍ capsule ടെക്സ്റ്റ്‌ പുറത്തെടുത്ത് വായിച്ചു തുടങ്ങി.  ചോദ്യം... ഉത്തരം...  ചോദ്യം... ഉത്തരം...  ചോദ്യം.... ഉത്തരം.....

Monday 28 September, 2009

അവകാശങ്ങള്‍

അതൊരു സെപ്‌റ്റബര്‍ മാസമായിരുന്നു....

ഒരു കൂട്‌ കൂട്ടാന്‍ ഞങ്ങള്‍ ഒന്നിച്ച്‌ പല സ്ഥലങ്ങളുഅന്വേഷിച്ചലയുമ്പോളാണ്‌ ആ വീടിന്റെ രണ്ടാ നിലയില്‍ അലമാരയ്‌ക്ക്‌ മുകളില്‍ സ്ഥല കണ്ടെത്തുന്നത്‌. സ്ഥല കിട്ടിയതോടെ അന്വേഷണ കൂടുണ്ടാക്കാനുള്ള ചുള്ളിക്കമ്പുകള്‍ക്കുവേണ്ടിയായി. ഞങ്ങള്‍ ഒന്നിച്ച്‌ അധ്വാനിച്ച്‌ കമ്പ്‌ശേഖരണ തുടങ്ങി. അധികതാമസിയാതെ ഒരു കൂടു ശരിയായി. രണ്ട്‌ ദിവസത്തിനുള്ളില്‍ തന്നെ മുട്ടയു ഇട്ടു. രണ്ടു മുട്ടകള്‍.

ആ മുട്ടകള്‍ക്കു മുകളില്‍ ഇരിക്കുമ്പോള്‍ എന്റെ പ്രതീക്ഷകള്‍ ചിറക് വച്ച്‌ പറക്കുകയായിരുന്നു. രണ്ട്‌ കുഞ്ഞ്‌ പ്രാവുകള്‍; എന്റെ മക്കള്‍; അവര്‍ വരുമ്പോള്‍ അവരെ എന്തെല്ലാം പഠിപ്പിക്കണം. ആഹാര
കഴിക്കാന്‍ പഠിപ്പിക്കണം, പറക്കാന്‍ പഠിപ്പിക്കണം, ഭ്രാന്തന്‍ കഴുകന്‍മാരുടെ കയ്യില്‍ നിന്ന്‌ രക്ഷപെടാന്‍ പഠിപ്പിക്കണം, വളര്‍ന്ന്‌ കഴിയുബോള്‍ അവരുടെ ലോകത്തേക്ക്‌ അവരെ പറഞ്ഞു വിടണ. വിശാലമായ ലോകത്തിന്റെ സൗന്ദര്യ ആസ്വദിച്ച് അവര്‍ പറന്നു നടക്കണ. ഇണയോടൊപ്പം സല്ലപിച്ച്‌ മരച്ചില്ലകളില്‍ ഇരിക്കണ, കൂട്‌ കൂട്ടണ, മുട്ടയിടണം, പുതിയ പ്രതീക്ഷകളുമായി അടുത്ത തലമുറ വന്നെത്തണം.

രണ്ട്‌ ദിവസത്തിനുള്ളില്‍ തന്നെ ഞാന്‍ ഭയന്നിരുന്നത്‌ സ
ഭവിച്ചു. ഒരു ഭ്രാന്തന്‍ മനുഷ്യന്‍ ഞങ്ങളെ കണ്ടെത്തി. ഉപദ്രവിക്കാന്‍ അവന്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നു. എന്റെ മുട്ടകളെ അവിടെ ഉപേക്ഷിച്ച്‌ ഓടി രക്ഷപെടാനല്ലാതെ മറ്റൊന്നു ചെയ്യാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ആ ദുഷ്ടന്‍, മുട്ടകളെ എന്ത്‌ ചെയ്‌തിട്ടുണ്ടാകു എന്ന വീര്‍പ്പുമുട്ടലോടെ ഞാന്‍ പുറത്തെ പ്ലാവിന്റെ ചില്ലയില്‍ ഇരുന്നു. കൂടുതല്‍ സമയഅവിടെ ഇരിക്കാന്‍ കഴിയാതെ ഞാന്‍ തിരിച്ച്‌ ചെന്നു. അാശ്വാസ! മുട്ടകള്‍ രണ്ടു ഭദ്രം. ഞാന്‍ അവിടമാകെ പരിശോധിച്ചു. എങ്ങു ഒരു മാറ്റവുഭവിച്ചിട്ടില്ല. കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ വീണ്ടുമുട്ടകള്‍ക്ക് മുകളില്‍ ഇരിപ്പായി. എന്റെ പ്രതീക്ഷകളോടൊപ്പം.

അന്നേദിവസ
തന്നെ വൈകുന്നേര ആ ഭ്രാന്തന്‍ മനുഷ്യന്‍ ഞങ്ങളെ ആക്രമിക്കാന്‍ വിണ്ടുമെത്തി. പ്രതികരിക്കാനുള്ള ശേഷി ഇല്ലാത്തതു കൊണ്ട്‌ മുട്ടകളെ ഉപേക്ഷിച്ച്‌ ഞാന്‍ വിണ്ടു രക്ഷപെട്ടു. ഈ മനുഷ്യര്‍ക്ക്‌ എന്താണ്‌ ഞങ്ങളോട്‌ ഇത്ര പക? അല്‍പസമയകഴിഞ്ഞപ്പോള്‍ ക്ഷമ നശിച്ച്‌ ഞാന്‍ തിരിച്ച്‌ ചെന്നു. ഭാഗ്യ!അപ്പോഴുഎല്ലാ ഭദ്രം. മുട്ടകള്‍ സുരക്ഷിത. മുട്ടകള്‍ക്ക്‌ മുകളില്‍ സ്വപ്നങ്ങളുമായി ഞാന്‍ ഇരിപ്പായി.

അടുത്തദിവസ
രാവിലെ അയാള്‍ വീണ്ടുമെത്തി. ഞാന്‍ ഭയന്നെങ്കിലു പറന്ന്‌ പുറത്ത്‌ പോയില്ല. കൂട്‌ കാണാന്‍ കഴിയുന്ന വിധത്തില്‍ മാറിയിരുന്ന്‍ നിരീക്ഷിച്ചു. വന്നയാളിന്റെ കയ്യില്‍ എന്തോ ഒരു സാധന ഉണ്ട്‌. അയാള്‍ എന്നെയു, മുട്ടകളെയു ആ സാധനത്തെയു മാറി മാറി നോക്കുന്നുണ്ടായിരുന്നു. അധികസമയകഴിയുന്നതിനു മുമ്പ്‌ തന്നെ ഇടിയില്ലാതെ ഒരു മിന്നല്‍ വന്നെത്തി. ഞാന്‍ ഭയന്ന്‌ പുറത്തേക്ക്‌ പറന്ന്‌ പോയി. അല്‍പ്പസമയ കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ അയാള്‍ അവിടെ തന്നെ നില്‍ക്കുന്നു. പഴയപോലെ വിണ്ടു മിന്നല്‍ പിണരുകള്‍ വന്നുകൊണ്ടിരുന്നു. പിന്നീടാണ്‌ മനസ്സിലായത്‌ അയാളുടെ കയ്യില്‍ ഇരിക്കുന്ന സാധനത്തില്‍ നിന്നാണ്‌ മിന്നല്‍പിണരുകള്‍ ഉണ്ടാകുന്നതെന്ന്‌. അയാളോടുള്ള എന്റെ ഭയ അല്‍പ്പ കുറഞ്ഞു.

പിന്നീട്‌ പലപ്പോഴു
അയാള്‍ വരികയു മിന്നല്‍ പിണരുകള്‍ ഉണ്ടാക്കുകയു ചെയ്‌തു. ചിലപ്പോഴൊക്കെ കൂടുതല്‍ അടുത്ത്‌ വരുമ്പോള്‍ ഞാന്‍ ഭയന്ന്‌ ഓടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക്‌ അയാളോടുള്ള ഭയ വളരെ കുറഞ്ഞു. പലപ്പോഴും അയാള്‍ എന്റെ വളരെ അടുത്ത്‌ വരികയു ആ ഉപകരണ ഉപയോഗിച്ച്‌ മിന്നല്‍ പിണരുകള്‍ ഉണ്ടാക്കുകയു ചെയ്‌തു. എല്ലാ മനുഷ്യരുഭ്രാന്തന്‍മാരായിരിക്കില്ല എന്ന്‌ ഞാന്‍ ഊഹിച്ചു. പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി വീണ്ടു മുന്നോട്ട്‌...

മനുഷ്യരെ പറ്റിയുള്ള എന്റെ ചിന്തകളില്‍ ചെറിയ മാറ്റ
വന്നു തുടങ്ങുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കേ ഒരുനാള്‍ രാവിലെ മറ്റൊരു മനുഷ്യനെ ഞാന്‍ ആ മുറിയില്‍ കണ്ടു. അധികതാമസിയാതെ അയാള്‍ എന്നെയു കണ്ടു. കുറച്ച്‌ സമയ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ അയാള്‍ എന്റെയടുത്തേക്ക്‌ വന്നെങ്കിലു ഞാന്‍ ഭയന്നില്ല. പക്ഷെ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു. കുറെ ശബ്ദത്തോടെ അയാള്‍ എന്നിലേക്ക്‌ പാഞ്ഞടുത്തു. ഞാന്‍ ഭയന്ന്‌ വിറച്ച്‌ പോയി. ഒരു വിധ പറന്ന്‌ രക്ഷപെട്ടു. പിന്നീട്‌ എന്താണ്‌ സഭവിച്ചതെന്ന്‌ എനിക്കറിയില്ല.

ചില്ലികമ്പുകള്‍ കൊണ്ട്‌ മക്കള്‍ക്കു വേണ്ടി ഞങ്ങള്‍ തീര്‍ത്ത സൗധ
കാണാനില്ലായിരുന്നു. ഒരു മുട്ടക്കുള്ളിലെ എന്റെ കുഞ്ഞിന്റെ ജീവന്‍ തറയില്‍ വിറങ്ങലിച്ച്‌ കിടക്കുന്നത്‌ എനിക്ക്‌ കാണേണ്ടി വന്നു. മനുഷ്യര്‍ ക്രൂരന്മാര്‍ തന്നെയാണോ? എന്തിന്‌? എന്തിന്‌ അവര്‍ ഇത്‌ ചെയ്‌തു?
അടുത്തുള്ള പ്ലാവിന്റെ ചില്ലയില്‍ ഇരിക്കുബോള്‍ താഴെ കാക്കകള്‍ ബഹള
കൂട്ടുന്നത്‌, എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജീവന്‍ ഊറ്റിക്കുടിക്കാന്‍ വേണ്ടിയാണെന്ന്‌ വേദനയോടെ ഞാന്‍ മനസ്സിലാക്കി.
എന്റെ മുട്ടകള്‍.... എന്റെ കുഞ്ഞുങ്ങള്‍..... എന്റെ പ്രതീക്ഷകള്‍.... എന്റെ സ്വപ്‌നങ്ങള്‍....

അടിക്കുറുപ്പ്‌: പ്രാവിനെ വീട്ടില്‍ കയറ്റിയാല്‍ വീട്ടില്‍ ചെള്ളുണ്ടാകുമത്രേ.


Tuesday 20 November, 2007

വിദ്യാഭ്യാസം എങ്ങനെ?

‘A circle is the set of all points that are equidistant from a special point called its centre.’

ഒരു വൃത്തത്തെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരുവനെ വൃത്തത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ തുടങ്ങേണ്ട വാചകമാണോ ഇത്? വൃത്തത്തിന്റെ നിര്‍വചനമായ ഈ വാചകം ദഹിച്ച് അതൊരു വൃത്തത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ എത്ര സമയം വേണ്ടി വരും?

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാഭ്യാസത്തിനു വേണ്ടി മുകളില്‍ സൂചിപ്പിച്ച രീതിയെയാണ് അവലംബിക്കുന്നത്. അതു തന്നെയാണ് വിദ്യാഭ്യാസത്തെ ഏറ്റവും മുഷിപ്പുള്ള ഒന്നാക്കി മാറ്റുന്നത്. ഏറ്റവുമധികം സര്‍ഗാത്മകവും സൃഷ്ടിപരവുമായി മുന്നോട്ട് പോകേണ്ട വിദ്യാഭ്യാസം ഇന്ന് മുഖമുദ്രയാക്കിയിരിക്കുന്നത് യാന്ത്രികതയും വിരസതയുമാണ്.

നമ്മുടെ വിദ്യാഭ്യാസം സിദ്ധാന്തങ്ങളുടെ മാത്രം ഒരു ലോകമാണ്. അവിടെ പ്രായോഗികതയ്ക്ക് തരിമ്പും സ്ഥാനമില്ല. ഇവിടെ വിസ്മരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം, നിര്‍വചനങ്ങള്‍ രൂപപ്പെടുന്നത് പ്രായോഗികതയില്‍ നിന്നാണ് എന്നതാണ്. ഇതിന് ഉദാഹരണമായി നേരത്തേ സൂചിപ്പിച്ച വൃത്തത്തിന്റെ പ്രശ്നം തന്നെയെടുക്കാം. വൃത്തത്തെ കണ്ടെത്തിയതിന് ശേഷം മാത്രമാണ് അതിന്റെ നിര്‍വചനം കണ്ടെത്തുന്നത്. ആ വൃത്തത്തിന് സൈദ്ധാന്തികമായ ഒരു വിശദീകരണമാണ് നിര്‍വചനത്തിലൂടെ നടത്തുന്നത്. നമ്മുടെ വിദ്യാഭ്യാസം ഇതിനെ തലകീഴായി മറിക്കുന്നു. അത് സിദ്ധാന്തത്തിലൂടെയാണ് വൃത്തത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.

ഇവിടെ സൂചിപ്പിച്ച ഈ രണ്ട് രീതികള്‍ക്കും തമ്മില്‍ ഭയങ്കരമായ അന്തരം ഉണ്ട്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു വൃത്തത്തെ മനസ്സിലാക്കാന്‍ ചിലവഴിക്കുന്നതിന്റെ നാലിലൊന്ന് സമയം പോലും വേണ്ടിവരില്ല ശരിയായ രീതിയില്‍ വൃത്തത്തെ മനസ്സിലാക്കാന്‍. ഇവിടെ വൃത്തം എന്നത് വിദ്യാപ്രപഞത്തിലെ ഏറ്റവും ചെറിയ ഒരു കണികയായി കണക്കാക്കാം. ഒരു കണികയെ മനസ്സിലാക്കാന്‍ ഇത്ര കണ്ട് സമയം വേണ്ടി വന്നാല്‍ മൊത്തത്തില്‍ എത്ര കണികകളെ മനസ്സിലാക്കാന്‍ കഴിയും? ഈ അവസ്ഥയിലാണ് വിദ്യാഭ്യാസം അതിന്റെ ഉദ്ദേശ്യലക്ഷ്യമായ ആശയഗ്രഹണത്തിലുപരിയായി ‘പരീക്ഷ’ എന്ന പമ്പരവിഢിത്തത്തിന് പുറകേ പായുന്നത്.

ഒരു വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ കഴിവുകളെ പരീക്ഷിക്കാന്‍ പ്രാപ്തിയില്ലാത്ത ‘പരീക്ഷ’ യേക്കാള്‍ വലിയ ഒരു വിഢിത്തം ഈ സമ്പ്രദായത്തില്‍ വേറെ ഇല്ല. പ്രത്യക്ഷത്തില്‍ ഈ പരീക്ഷകള്‍ ഒരു ഓര്‍മ്മപരീക്ഷണമാണ് എന്നു വേണമെങ്കില്‍ പറയാം. പഠിക്കുന്ന വിഷയത്തില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥി രണ്ടു രീതിയില്‍ പഠിക്കേണ്ട സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഒന്ന് ആശയഗ്രഹണത്തിന് വേണ്ടി പഠിക്കുക, മറ്റൊന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പരീക്ഷക്ക് വേണ്ടി പഠിക്കുക. ഇതു രണ്ടും കൂടി ഒരേ സമയം നടപ്പിലാക്കുക ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് കഴിയുന്നതല്ല. ‘കഴിയുന്നതല്ല‘ എന്ന പ്രയോഗം തെറ്റിദ്ധാരണകള്‍ സൃഷിച്ചേക്കാം. അതിനാല്‍ ഒന്നുകൂടി ഇതിനെ വിശദീകരിക്കേണ്ടിയിരിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച രണ്ടു കാര്യങ്ങളും ഒരേ സമയം നടക്കണമെങ്കില്‍, ഒന്നുകില്‍ വിദ്യാര്‍ത്ഥി വളരെ സമര്‍ത്ഥനായിരിക്കണം. അതായത് നല്ല തോതില്‍ ഓര്‍മ്മശക്തിയും, ആശയഗ്രഹണത്തിനുള്ള കഴിവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ആ വിദ്യാര്‍ത്ഥി ഒരു പുസ്തകപ്പുഴുവാകണം. അതായത് ഒരു മനുഷ്യജീവി എന്നതിലുപരി ഒരു പഠനജീവിയായി മാറണം. എഞിനിയറിംഗ് വിദ്യാഭ്യാസത്തിലും മറ്റും ‘എത്ര പഠിച്ചാലും തീരില്ല’ എന്നത് ഒരു സ്ഥിരം പല്ലവിയാകുന്നത് ഇവിടെ അന്വര്‍ത്ഥമാണ്. ഇപ്പറഞ്ഞത്, പരീക്ഷയ്ക്കു വേണ്ടിയുള്ള പഠനവും, ആശയഗ്രഹണവും ഒരുപോലെ കൊണ്ടുപോകുന്നതിനെക്കുറിച്ചാണ്. ഇനിയുള്ള രണ്ട് ഉപാധികള്‍ പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിക്കുക അല്ലെങ്കില്‍ ആശയഗ്രഹണത്തിനു വേണ്ടി മാത്രം പഠിക്കുക എന്നിവയാണ്. പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിക്കുമ്പോള്‍ ‘ബോധ്യപ്പെടുത്താന്‍’ കൃത്യമായി കഴിയുമെങ്കിലും കാര്യങ്ങളില്‍ ധാരണയുണ്ടാകാത്തതിനോടൊപ്പം ഒരു തരത്തിലുള്ള മാനസിക വികാസവും ഉണ്ടാകുന്നില്ല. ആശയഗ്രഹണത്തിനു വേണ്ടി പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് ‘ഉന്നത വിജയം’ ലഭിക്കണമെന്നില്ല. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഇപ്പറഞ്ഞ രണ്ടിനേയും ഭാഗീകമായി സ്വീകരിക്കുന്നവരാണ്. അതായത് മനഃസ്സിലാക്കാന്‍ കഴിയുന്നവ മനഃസ്സിലാക്കിയും അല്ലാത്തവ പരീക്ഷക്ക് വേണ്ടിയും പഠിക്കുന്നു. ഇവിടെ സംഭവിക്കുന്നത്, ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആശയങ്ങള്‍ (Basic Concepts) പലപ്പോഴും മനസ്സിലാക്കാന്‍ കഴിയാത്ത മരീചികയായി അവശേഷിക്കുന്നു എന്നതാണ്. ഇതിന്റെ രത്നച്ചുരുക്കം, പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിക്കൊണ്ട് ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക്, പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം നടത്താന്‍ കഴിയില്ല എന്നതാണ്.

ഇവിടെയുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം യഥാര്‍ത്ഥ ആശയം (concept) മനസ്സിലാകാത്തവരും യാന്ത്രികമായ പരീക്ഷയിലൂടെ ‘ബോധ്യപ്പെടുത്തല്‍’ കൃത്യമായി നടത്തുന്നു. ഇത്തരം വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടാകുന്ന അദ്ധ്യാപകര്‍ക്ക് അദ്ധ്യാപനവും ആ രീതിയില്‍ (പരീക്ഷയ്ക്കു വേണ്ടിയുള്ള അദ്ധ്യാപനം) മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ. ഇതോടെ വിദ്യാഭ്യാസം അതിന്റെ അര്‍ത്ഥശൂന്യതയുടെ പാരമ്യത്തിലെത്തുന്നു.

നല്ല ഉദ്ദേശ്യലക്ഷ്യമുള്ള, എന്നാല്‍ നമ്മുടെ വിദ്യാഭ്യാസത്തില്‍ വെറും പ്രഹസനമായി മാറിയിട്ടുള്ള മറ്റൊരു സംഗതിയാണ് ‘Assignments’. ഇതിന് ഇന്ന് അര്‍ത്ഥങ്ങള്‍ പലതാണ്: വിദ്യാര്‍ത്ഥിയുടെ പകര്‍ത്താനുള്ള കഴിവളക്കല്‍, അവന്റെ കലാബോധം അളക്കല്‍, അധ്യാപകന്റെ വിദ്യര്‍ത്ഥികളുടെ മേലുള്ള അധികാര പരീക്ഷണം എന്നെല്ലാം ‘Assignment’ ന് അര്‍ത്ഥങ്ങള്‍ കണ്ടെത്താം. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ‘Assignment’ എന്നാല്‍ പകര്‍ത്തെഴുത്താണ്. നല്ലൊരു ശതമാനം അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികളുടെ അനുസരണാശീലം അളക്കാനുള്ള ഉപാധിയാണ് ‘Assignment’. ഇതിന്റെ ഒരു ബാക്കിപത്രമാണ് ‘Internal marks’. ഈശ്വരവിശ്വാസവും പാപഭാരവും മറ്റും മുന്നില്‍ കാട്ടി ഒരു വിഭാഗം ജനതയെ മറ്റൊരു വിഭാഗം അടക്കി ഭരിക്കുന്നതു പോലെ വിദ്യാര്‍ത്ഥി സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്താനുള്ള അധ്യാപകരുടെ ഒരു തുരുപ്പുശീട്ടായി മാറിയിരിക്കുന്നു ‘Internal marks’. ഈ സ്ഥിതിവിശേഷത്തിന് ആരാണ് ഉത്തരവാദി? അദ്ധ്യാപകനോ അതോ വിദ്യാര്‍ത്ഥിയോ? വിദ്യാഭ്യാസ സമ്പ്രദായം എന്നതാണ് ശരിയുത്തരം. പരീക്ഷയെ മുന്‍ നിര്‍ത്തിയുള്ള ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരിക്കലും ‘Assignments’, ‘Projects’, ‘Internal marks’ എന്നിവ പോലുള്ള സംഗതികള്‍ക്ക് അതിന്റെ തനതു ലക്ഷ്യം നിറവേറ്റാനാകില്ല.

നമ്മുടെ വിദ്യാഭ്യാസത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ച് ചീഞ്ഞ് നാറുന്നതിന്റെ ഗന്ധം, അസ്സഹനീയമായി മാറിക്കഴിഞ്ഞിരിക്കുന്നു. ക്യാപ്സൂള്‍ രൂപത്തിലുള്ള പഠനപുസ്തകങ്ങളും, നോട്ടുകളും ഈ സമ്പ്രദായത്തിന്റെ അനിവാര്യമായ അന്ത്യത്തിലേക്കുള്ള സൂചനകളായി കാണാം. അത്തരം ഒരു അന്ത്യത്തിനു വേണ്ടി വിദ്യാഭ്യാസ ഗവേഷകരും മറ്റും പരിശ്രമിക്കുമെന്നും, അതിലൂടെ ഒരു നവ വിദ്യാഭ്യാസ സമ്പ്രദായം ഉടലെടുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Monday 22 October, 2007

വിവാഹച്ചടങ്ങ്

വരന്‍ മാതാപിതാക്കളുടെ കൈ പിടിച്ച് അരങ്ങിലെത്തുന്നു. മുഖം കണ്ടാലറിയാം നെഞ്ചിടിപ്പിന്റെ വേഗത. നടന്ന് അരങ്ങിന്റെ മുന്നിലെത്തി എല്ലാവറ്ക്കും കൂടി കൈ കൂപ്പി ഒരു പ്രണാമം. പിന്നെ തിരിച്ച് നടന്ന് മണ്ഡപത്തില്‍ കയറി ഇരിപ്പായി. അപ്പോഴേക്കും ‘സ്ഥലത്തെ പ്രധാനവ്യക്തി‘ വിയര്‍പ്പില്‍ കുളിച്ച്, മുഖത്ത് കൃത്രിമമായ ഒരു ആശങ്കയൊക്കെ നിറച്ച് എങ്ങോട്ടെന്നില്ലാതെ കറങ്ങുകയാണ്; പൂജാരി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു ജാഥ അരങ്ങിലേക്ക് മാര്‍ച്ച് ചെയ്ത് വരികയാണ്. എല്ലാവരുടെ കൈയിലും തിരിനാളം. ഇതു കണ്ടപ്പോഴാണ് ഗണിതത്തില്‍ സമാന്തര ശ്രേണിയും സമഗുണിത ശ്രേണിയും പഠിച്ചതിന്റെ ഉപയോഗം മനസ്സിലായത്. മാര്‍ച്ചില്‍ പ്ങ്കെടുക്കുന്നവരുടെ ഉയരം ഇതിലേതോ ശ്രേണിയില്‍ പെട്ടതാണ്. ഏതു ശ്രേണിയാണെന്നു കണ്ടെത്താനുള്ള കഠിന പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് മനസ്സിലാകുന്നത് അതൊരു ജാഥയല്ലെന്ന്. കാരണം വധു ജാഥയുടെ അവസാനം വരുന്നു. ഏതായാലും വന്ന നില്‍പ്പില്‍ തന്നെ നില്‍ക്കാതെ അവര്‍ നടക്കുകയാണ്. അതും മണ്ഡപത്തെ ചുറ്റി. ആദ്യമേ വന്ന കുട്ടികള്‍ വലിയ ഉത്സാഹത്തിലാണ്‌. അവര്‍ കൈയിലിരുന്ന തിരിനാളം അരങ്ങിന്റെ മുന്‍പില്‍ കൊണ്ട് നിരത്തി വച്ചിട്ട് തുള്ളിച്ചാടി പൊയ്ക്കളഞ്ഞു. കുട്ടികളല്ലേ അവര്‍ ചിന്തിക്കില്ലല്ലോ അതവിടെയിരുന്നാല്‍ അപകടമാണെന്ന്. ആരെങ്കിലും വന്ന് അതെടുത്ത് മാറ്റും എന്ന പ്രതീക്ഷയില്‍ ഞാന്‍ അങ്ങനെ ഇരിക്കുമ്പോള്‍ വധുവും തിരിനാളം അവിടെ തന്നെ പ്രതിഷ്ഠിക്കുന്നു. എന്തു ചെയ്യും? ഏതായാലും, കുളിച്ച് സുന്ദരിയായി, മുഖത്ത് പൌഡറൊക്കെയിട്ട് തിളങ്ങുന്ന മുടിയുമായി കസേരയിലിരുന്ന് ചിരിക്കുന്ന മുത്തശ്ശിയുടെ നേരിയതില്‍ തീയൊന്നു കയറിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യത്തിന് അത് സംഭവിച്ചില്ല. ഒടുവില്‍ വധുവും കൈ കൂപ്പിയുള്ള പ്രണാമത്തിന് ശേഷം മണ്ഡപത്തില്‍ കയറി ഇരിപ്പായി. വധുവിന്റെ മുഖത്തും എന്തെന്നില്ലാത്ത പരിഭ്രമം.

വരന് വധുവിന്റെ മുഖത്ത് ഒന്നു നോക്കണമെന്ന് ആശ കാണില്ലേ? അതു പോലെ തിരിച്ചും. പക്ഷെ അവര്‍ നോക്കിയില്ല. ഒരു വാക്കു പോലും മിണ്ടിയതുമില്ല. എന്താ കാര്യം? സ്ഥലത്തെ പ്രധാന വ്യക്തി കര്‍മ്മങ്ങള്‍ അങ്ങു തുടങ്ങുകയായി. അദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമം കണ്ടുകൊണ്ട് എങ്ങനെയാണ് വരന് വധുവിനോട് എന്തെങ്കിലും സംസാരിക്കാന്‍ കഴിയുക? ആരും ഒന്നും സഹായിക്കാന്‍ പോലുമില്ലാതെ ‘പ്രധാനവ്യക്തി‘ തിടുക്കത്തില്‍ ജോലി തുടരുകയാണ്. ഇടതു കയ്യില്‍ ഒരു മണി പിടിപ്പിച്ചിട്ടുണ്ട്. അത് യാന്ത്രികമായി ണിം.. ണിം... എന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. ആള്‍ക്കാര്‍ തന്നെ ശ്രദ്ധിക്കുന്നില്ല എന്നു തോന്നുമ്പോള്‍ ആകണം, മണി മുഴക്കത്തിന്റെ വേഗത ഒന്നു കൂട്ടി നല്ല ഉച്ചത്തില്‍ രണ്ട് മൂന്നെണ്ണം അടിക്കുന്നത്. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ പൂക്കളില്‍ ചിലത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇടുന്നത് കണ്ടു. പിന്നെ ഒരു തിരിനാളം എടുത്ത്, വധൂവരന്മാരുടെ മുഖം ഒന്നു കൂടി നന്നായി കാണാന്‍ എന്ന വണ്ണം അവര്‍ക്കു നേരെ പിടിച്ച് മൂന്നു പ്രാവശ്യം വൃത്തത്തില്‍ ഓടിച്ചു. പുള്ളിക്ക് ഈ മൂന്ന് എന്നത് ഒരു ഇഷ്ട സംഖ്യ ആണെന്നു തോന്നുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം ഈ മൂന്നിന്റെ സ്വാധീനം ദൃശ്യമാകുന്നുണ്ട്. പിന്നീട് ചെയ്തത് അവിടെ ഒരു മൊന്തയില്‍ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് തറയിലൊക്കെ കുടഞ്ഞ് വൃത്തികേടാക്കി, വധൂവരന്മാരോട് എന്തോ പറഞ്ഞു: “ശുദ്ധജലമാണ് കുടിച്ചോളൂ” എന്നോ മറ്റോ ആകണം പറഞ്ഞത്. തുടര്‍ന്ന് ജലം വധൂവരന്മാരുടെ കൈകളില്‍ പകര്‍ന്ന് കൊടുത്തു. അല്‍പ്പം കുടിച്ചപ്പോള്‍ എന്തോ അമളി പറ്റിയ പോലെ രണ്ട് പേരും കൈ തലയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. വെളിയില്‍ സ്ഥലമില്ലാഞ്ഞിട്ടാകുമോ അവര്‍ വെള്ളം തലയില്‍ ഒഴിച്ചത്? ‘പ്രധാനവ്യക്തി’ യുടെ ഇത്തരം വിക്രിയകള്‍ കുറച്ചു നേരം കൂടി തുടര്‍ന്നു. തുടര്‍ന്ന് കൂടി നിന്നവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു. വധൂവരന്മാരുള്‍പ്പടെ എല്ലാവരും കണ്ണും കാതും കൂര്‍പ്പിച്ച് നില്‍ക്കുകയാണ് പുള്ളി എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍. സ്ഥലത്തെ പ്രധാന വ്യക്തിയല്ലേ!! ഇതിനിടയില്‍ വധുവിന് വരനോടോ തിരിച്ചോ ഒരു കിന്നാരം ചൊല്ലാന്‍ എവിടെയാണ് സമയം?

ഇത്രയുമായപ്പോഴേക്കും പൂമാലയും താലിയും എത്തിക്കഴിഞ്ഞു. അതും ആദ്യം കൊടുത്തത് പൂജാരിയുടെ കൈകളിലാണ്. താലി കയ്യില്‍ കിട്ടിയ ഉടനേ അത് കയ്യില്‍ ചേര്‍ത്ത് വച്ചു കൊണ്ട് കണ്ണടച്ച് കുറച്ചു സമയം നിന്നു. മാല എത്ര പവനുണ്ടാകും, ഇപ്പൊ സ്വര്‍ണ്ണത്തിനെന്താ വില എന്നോ മറ്റോ ആകും ചിന്തിച്ചത്. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നിയത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍, “ഓ.. ഇതെനിക്കു വേണ്ട” എന്ന മട്ടില്‍ മാല വരന്റെ കയ്യില്‍ കൊടുത്തു. വരന് ഈ മാല വധുവിനെ ഒന്നണിയിക്കണമെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ആരൊക്കെ പറയുന്നത് കേള്‍ക്കണം? കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയണമെന്നോ, തല തിരിച്ചു പിടിക്കണമെന്നോ, കണ്ണുകള്‍ ഏങ്കോണിച്ച് വയ്ക്കണമെന്നോ ഒക്കെ പറയുന്നുണ്ടാകണം. ഏതായാലും പൂജാരി ഉള്ളത് രക്ഷയായി. പുള്ളി പറഞ്ഞാല്‍ പിന്നെ മറുവാക്കില്ലല്ലോ. എല്ലാ കാര്യങ്ങള്‍ ചെയ്യുമ്പോഴും മൂന്നിന്റെ സ്വാധീനം ഉണ്ടാകുന്നത് താലി കെട്ടുന്ന കാര്യത്തില്‍ ഉണ്ടാകാതിരുന്നത് ഭാഗ്യമായി!

ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്യുന്നതിനിടയില്‍ കത്തിച്ചു വച്ചിരിക്കുന്ന വിളക്കിന്റെ തിരിയെങ്ങാനും അബദ്ധത്തിന് അണഞ്ഞ് പോയിരുന്നെങ്കില്‍ പിന്നെ എന്തൊക്കെ പുകിലുണ്ടായേനെ? ഒരു പക്ഷെ അത് ഭാവിയില്‍ ഒരു വിവാഹമോചനം വരെയെത്തിയേക്കാന്‍ തക്ക കാരണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാലയിടല്‍ കഴിഞ്ഞതോടെ വധൂവരന്മാരെ താഴെയിറക്കി നടത്തിക്കുകയാണ്. അവിടെയും മൂന്ന്. മണ്ഡപത്തിനു ചുറ്റും മൂന്ന് തവണ കറങ്ങി അവര്‍ നടന്ന് അണിയറയിലേക്ക് കയറിപ്പോയി. ഏതായാലും ‘സ്ഥലത്തെ പ്രധാന വ്യക്തി’ യെ പിന്നെ കണ്ടതേയില്ല. പിന്നെ ഞാന്‍ ഒരു മല്പിടുത്തമൊക്കെ നടത്തി സദ്യയും കഴിഞ്ഞ് തിരിച്ച് വന്ന് കസേരയില്‍ വിശ്രമിക്കുമ്പോഴാണ് വധൂവരന്മാരെ ചിരിച്ച മുഖത്തോടെ ഒന്നു കാണാന്‍ കഴിഞ്ഞത്. ഞാന്‍ ചിന്തിക്കുകയായിരുന്നു:

ജീവിതത്തില്‍ എത്രയധികം പ്രണയാര്‍ദ്രവും, വികാര നിര്‍ഭരവുമായ ഒരു സന്ദര്‍ഭത്തെയാണ് വെറും യാന്ത്രികമായ ഒരു ചടങ്ങാക്കി മാറ്റിയത്. സ്വതന്ത്രമായി ഒന്നു സംസാരിക്കാന്‍ കഴിയാതെ, വീര്‍പ്പുമുട്ടലോടെ, ചെയ്യുന്ന കര്‍മ്മങ്ങളില്‍ പിശക് വരാതെ ശ്രദ്ധിച്ച്, സൂക്ഷിച്ച് നടത്തുന്ന ആ ചടങ്ങ് ഒന്നു കഴിഞ്ഞിട്ട് വേണം വധൂവരന്മാര്‍ക്ക് എന്തെങ്കിലും സംസാരിക്കാന്‍, ഒന്നു തമാശിക്കാന്‍, ഒന്നു ചിരിക്കാന്‍... ജീവിതത്തിലെ ഏറ്റവും മനോഹരമായ ഇത്തരം സന്ദര്‍ഭങ്ങളെ എന്തിന് ചടങ്ങുകളുടെയും വിശ്വാസങ്ങളുടെയും ചങ്ങലപ്പൂട്ട് കൊണ്ട് വരിഞ്ഞ് മുറുക്കുന്നു? അല്ലാതെ തന്നെ സമൂഹം നിയന്ത്രണങ്ങളും ശാസനകളും കൊണ്ട് നിറഞ്ഞതാണല്ലോ. അന്ധവിശ്വാസങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് ഇനി എന്നാണ് നമുക്ക് നന്നായി ശ്വാസം കഴിക്കാനാകുക?

കടപ്പാട്:  ഇങ്ങനെ ഒരു തുടര്‍വായന തയാറാക്കാന്‍ പ്രേരകമായ ശ്രീ സുകുമാര്‍ ന്റെ  'കതിര്‍ മണ്ഡപത്തിലെ ആരാച്ചാര്‍' എന്ന ലേഖനം.

Monday 15 October, 2007

കുഞ്ഞനുജന്‍

അവന്‍ എന്നെ പിരിഞ്ഞ് എന്നെന്നേക്കുമായി പൊയ്ക്കളഞ്ഞു. എന്റെ കുഞ്ഞനുജന്‍, എന്റെ അടുത്ത കളിക്കൂട്ടുകാരന്‍. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ സന്തോഷങ്ങളില്‍ പങ്കാളിയയി, എന്റെ ദു:ഖങ്ങളില്‍ സാന്ത്വനമായി അവന്‍ എന്നും നിന്നിട്ടുണ്ട്. അവനോട് സംസാരിക്കാത്ത ദിവസങ്ങള്‍ വിരളം.

കുഞ്ഞായി, വളരെ കുഞ്ഞായി എന്റെ കൈകളില്‍ ഇരിക്കുന്ന അവന്‍, ഓര്‍മ്മയില്‍ മായാത്ത ചിത്രമായി ഇന്നും അവശേഷിക്കുന്നു. പിച്ച വച്ചു തുടങ്ങിയ കാലത്ത്, വിറക്പുരയുടെ തിട്ടയില്‍ നിന്നു താഴെ വീണപ്പോള്‍‌ അവനു വല്ലാതെ വേദനിച്ചിട്ടുണ്ടാകണം. വേദനിച്ചെങ്കിലും ഇല്ലെങ്കിലും അവന്‍ പറയില്ലല്ലോ. കാല്‍ ഉറയ്ക്കാതെയുള്ള ആ നടത്തം ഓര്‍ക്കുമ്പോള്‍ അവന്‍ വലുതാകേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. കാലത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. അവന്‍ വളര്‍ന്നു. കയ്യും മെയ്യും ഉറച്ച വലിയ ചെറുപ്പക്കാരനായി. പക്ഷെ, എന്നും അവന്‍ എനിക്കു കുഞ്ഞു തന്നെയാണ്. എപ്പോഴും മണ്ടത്തരങ്ങള്‍ കാണിക്കുന്ന മരമണ്ടൂസായിരുന്നു അവന്‍ എനിക്ക് എന്നും. അവന്‍ എന്തു കാണിച്ചാലും അതെനിക്ക് തമാശ്ശയായിരുന്നു. എപ്പോഴും ഞാന്‍ അവനെ കളിയാക്കിയിരുന്നു. അവന് അതില്‍ പരിഭവമൊന്നുമില്ല. എപ്പോഴും ചിരിക്കാറുള്ളതു പോലെ ചിരിക്കും അല്ലെങ്കില്‍ മുഖത്ത് ഒരു ഭാവഭേതവുമില്ലാതെ അങ്ങനെ നില്‍ക്കും.



എന്നും ഉറക്കം തൂങ്ങിയായിരുന്ന അവന്‍ ദിവസ്സത്തിലെ ഒരു മിനിട്ട് പോലും നഷ്ടമാക്കാതെ ഉറങ്ങുക പതിവായിരുന്നു. ഈ ഉറക്കം കണ്ട് ഞാന്‍ തന്നെ പലപ്പോഴും അന്തിച്ചു പോയിട്ടുണ്ട്. എങ്ങനെ ഇത്രയ്ക്കുറങ്ങാന്‍ കഴിയുന്നു!! ഇടയ്ക്ക് ആഹാരം കഴിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിയാനെങ്കിലും എഴുന്നേല്‍ക്കും. ആഹാരം കഴിഞ്ഞ‍ ഉടന്‍, സമയം ഒട്ടും തന്നെ കളയാതെ വീണ്ടും ഉറക്കത്തിലേയ്ക്ക് പോകും. ഭാവിയെക്കുറിച്ചും, ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും മറ്റും ചിന്തിക്കേണ്ടാത്തതു കൊണ്ട് അവന്‍ സുഖമായി ഉറങ്ങി; ദു:ഖങ്ങള്‍ ഇല്ലാതെ, സുഖങ്ങള്‍ ഇല്ലാതെ. അവന് സന്തോഷമുണ്ടാകുന്ന സമയം ആഹാരം കഴിക്കുമ്പോള്‍; ദു:ഖമുണ്ടാകുന്നത്, പ്രഭാതങ്ങളില്‍ അവന്റെ സ്വാതന്ത്ര്യത്തിന് ഞാന്‍ തടയണയിടുമ്പോള്‍. ഇത്ര കാലം എന്നോടൊപ്പം ഉണ്ടായിട്ടും അവന്റെ മറ്റ് ഭാവങ്ങള്‍ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കുളിപ്പിക്കാനായി കൊണ്ടുപോകുമ്പോള്‍ തുള്ളിച്ചാടുമെങ്കിലും, കുളി തുട്ങ്ങിയാല്‍ മടിയനാകും. തണുപ്പ് തട്ടുമ്പോള്‍ ഓടാന്‍ തുടങ്ങും. വിടാതെ പിടിച്ചു നിര്‍ത്തുമായിരുന്നു ഞാന്‍. തലയില്‍ വെള്ളമൊഴിക്കുന്നത് ഒരിക്കലും ഇഷ്ടമായിരുന്നില്ല.



ഞാന്‍ അവന്റെയടുത്ത് പോകുമ്പോള്‍ ആദ്യം ഒന്നും സംസാരിക്കാതെ മാറി നില്‍ക്കുക പതിവായിരുന്നു. കിടക്കുന്നിടത്തു നിന്ന് അവന്‍ എഴുന്നേറ്റ് വന്നാലേ ഞാന്‍ ചങ്ങാത്തം കൂടുമായിരുന്നുള്ളൂ. സ്വതവേ മടിയനായ അവന്‍ എഴുന്നേല്‍ക്കുന്നത് ഒരു വലിയ ചടങ്ങാണ്. ആദ്യം തല പതിയെ ഉയര്‍ത്തി ഒന്നു നോക്കും. ഞാന്‍ അടുത്തു ചെല്ലാന്‍ കാക്കും. ഇല്ല എന്നു കാണുമ്പോള്‍, ജന്മനാ കാഴ്ച കുറഞ്ഞ ഒരു കണ്ണുമായി എന്നെ നോക്കി നോക്കിയില്ല എന്ന മട്ടില്‍ കിടക്കും. വീണ്ടും കണ്ടില്ലെങ്കില്‍ ഒരു കള്ളച്ചിരിയുമായി തല ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഒന്നു വെട്ടിച്ച് എഴുന്നേറ്റ് എന്റെയടുത്ത് വരും. തലയില്‍ തലോടുമ്പോള്‍ തല കുനിച്ച് എന്നോട് ചേര്‍ന്നു നില്‍ക്കും.

ഞാന്‍, എന്റെ ദു:ഖങ്ങള്‍ പറയാന്‍ എന്റെ സന്തോഷങ്ങള്‍ പങ്കു വയ്ക്കാന്‍ അവന്റെയടുത്തെത്തുമായിരുന്നെങ്കിലും, അവന്റെ ഒരു സന്തോഷത്തിലും ദു:ഖത്തിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല. അവന്‍ അതൊന്നും എന്നോട് പറഞ്ഞിട്ടില്ല; അല്ലെങ്കില്‍ പറഞ്ഞത് എനിക്ക് മനസ്സിലായിട്ടില്ല. അവന്‍ എന്തൊക്കെയാവും ചിന്തിച്ചിരുന്നത്? എന്തൊക്കെയായിരുന്നിരിക്കും അവന്റെ സ്വപ്നങ്ങള്‍? അവന് സ്വപ്നങ്ങള്‍ കാണാന്‍ കഴിയുമായിരുന്നോ? സമൂഹവുമായി യാതൊരു ബന്ധവും പുലര്‍ത്താനാകാത്ത, മുരടിച്ച ഒരു ജീവിതമായിരുന്നില്ലേ അവന്റേത്? അവന്റെ മനസ്സിനെ വളരാന്‍ അനുവദിക്കാതെ കൂട്ടില്‍ അടച്ചിടുകയായിരുന്നില്ലേ ഞാനുള്‍പ്പടെയുള്ളവര്‍ ചെയ്തത്? നമ്മുടെ സന്തോഷത്തിനു വേണ്ടി അവന്റെ ജീവിതത്തെ, തിരികെ കയറാന്‍ കഴിയാത്ത പടുകുഴിയില്‍ തള്ളിയിടുകയായിരുന്നില്ലേ നാം? അവനു വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയിമായിരുന്നു? അവന്‍ നമ്മോടൊപ്പം നമ്മില്‍ ഒരാളല്ലാതെ ജീവിച്ചില്ലേ?

എന്തൊക്കെ തന്നെയായിരുന്നെങ്കിലും, അവന് ഒരിക്കലും എന്നോട് ഒരു പരിഭവവും ഉണ്ടായിരുന്നില്ല എന്നെനിക്ക് തീര്‍ത്തും പറയാന്‍ കഴിയും. അനുസരണക്കേട് കാട്ടുമ്പോള്‍ നല്ല ശകാരവും തല്ലും കൊടുത്തിട്ടുണ്ട് ഞാന്‍. ശുദ്ധഗതിക്കാരനായ അവന്‍ ആ സമയത്ത് എന്നോട് കയര്‍ക്കുമായിരുന്നു. പക്ഷെ ഒരിക്കലും അവന് അത് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അടുത്ത നിമിഷത്തില്‍ ഞാന്‍ ലോഹ്യം കൂടാന്‍ ചെന്നാല്‍ അവന്‍ എന്നോടൊപ്പം ചേരുമായിരുന്നു. അവന്റെ മുഖത്തെ പ്രസ്സന്നമായ ചിരി, വിഢിത്തം നിറഞ്ഞ ചിരി, അത് എന്നെ എന്നും സന്തോഷിപ്പിച്ചിരുന്നു. സത്യത്തില്‍ അവന്‍ ചിരിക്കുകയായിരുന്നോ? എന്റെ സന്തോഷത്തിനു വേണ്ടി ഞാന്‍ തന്നെ കണ്ടെത്തിയ ഒരു സങ്കല്‍പ്പമായിരുന്നില്ലേ ആ ചിരി?

ഇങ്ങനെ പോയാല്‍ അവന്റെ ഒരു ഭാവവും അതിന്റെ ഒരര്‍ത്ഥവും എനിക്കറിയില്ലായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. ആകെ ഒരു ആശ്വാസമായി ഉണ്ടായിരുന്നത്, എനിക്കറിയാം എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നത്, അവന് എന്നോട് സ്നേഹം വരുമ്പോഴുള്ള ഭാവമായിരുന്നു. പക്ഷെ അടുത്തയിടെ കേട്ട ഒരു വാര്‍ത്ത എന്റെ ആ വിശ്വാസവും തകര്‍ത്തു കളഞ്ഞു: നായ്ക്കള്‍ വാലാട്ടുന്നത് സ്നേഹം ഉണ്ടാകുന്നത് കൊണ്ടാകണമെന്നില്ല എന്നത് പുതിയ കണ്ടുപിടുത്തമത്രേ!!