ഇന്നലെ ഞാന്‍ ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആരോ ഫോണില്‍ വിളിച്ചു പറഞ്ഞു: 'മുപ്പിലാന്‍ ചത്തു'. തികഞ്ഞ അവഗണനയോടെയുള്ള ആ നിസ്സാരമായ വാചകം ഉണ്ടാക്കിയ ശക്തമായ ഇടിമുഴക്കത്തിന്റെ ഇരംബങ്ങള്‍ എന്റെ മനസ്സില്‍ കുറേ നേരത്തേക്ക് നിണ്ടുനിന്നു. ഇന്നലെയായിരുന്നു മരണം എന്ന് പറയാന്‍ കഴിയില്ല. കാരണം ഇന്നലെയാണ് പുറംലോകം അറിയുന്നത്, അദ്ദേഹം ഒരു കയറില്‍ തന്റെ ഉച്ച്വാസനിശ്വാസങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചിരുന്നു എന്നത്. ഏകദേശം ഒരു ദിവസമെങ്കിലും അദ്ദേഹത്തിന്റെ പ്രേതം അനാഥമായി കിടന്നിട്ടുണ്ടാകണം. ബന്ധുക്കള്‍ ധാരാളം ഉണ്ടായിട്ടും എന്നും ഒറ്റയാനായി മാത്രം ജീവിച്ച മനുഷ്യന്‍. പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേള്‍ക്കുകയും എതിര്‍ത്തൊന്നും പറയാതിരിക്കുകയും ചെയ്യുന്നവരായത് കൊണ്ട് ദൈവങ്ങള്‍ എന്നും അദ്ദേഹത്തിന്റെ ഉത്തമ സുഹൃത്തുക്കള്‍ ആയിരുന്നു. മരണവാര്‍ത്ത കേള്‍ക്കുന്ന ഓരോരുത്തരും അവരവരുടേതായ വ്യാഖ്യാനങ്ങള്‍ പറഞ്ഞു തുടങ്ങി, സാധാരണ മരണം അല്ലാത്തത് കൊണ്ട് പ്രത്യേകിച്ചും.
ആ മനുഷ്യന് ഇത് ചെയ്യേണ്ട എന്തെങ്കിലും അവശ്യം ഉണ്ടായിരുന്നോ എന്ന് ചിലര്‍ ആശ്ചര്യപ്പെട്ടു. ചിലര്‍ പറഞ്ഞത് ഇങ്ങനെ ഒരു മരണമേ അദ്ദേഹത്തിനു സാധിക്കുമായിരുന്നുള്ളൂ എന്നാണ്. ചിലര്‍ പറഞ്ഞു അയാള്‍ ഇത് ചെയ്തത് എന്തായാലും നന്നായി എന്ന്. അയല്‍ക്കാരില്‍ ചിലര്‍ക്ക് ഇനി എങ്ങനെ പേടി കുടാതെ രാത്രിയില്‍ പുറത്തിറങ്ങും എന്ന സന്ദേഹം ആയിരുന്നു. മറ്റു ചിലരാകട്ടെ എങ്ങനെ, എവിടെ, ആര് ആദ്യം കണ്ടു, എങ്ങനെയുണ്ടായിരുന്നു കാണാന്‍, തുടങ്ങിയ ചോദ്യങ്ങളില്‍ മാത്രം ഒതുങ്ങി. ഞാനാകട്ടെ ആ പ്രേതത്തെ ഒരിക്കല്‍ പോലും കാണാന്‍ നില്‍ക്കാതെ പേപ്പര്‍ എടുത്ത് ഇതൊക്കെ കുത്തികുറിക്കുന്നു.
എല്ലാവര്ക്കും മുന്നില്‍ കുറെ ചോദ്യങ്ങള്‍ നിരത്തി അദ്ദേഹം തന്റെ 70 വര്‍ഷത്തെ ജീവിതത്തിനു ഒരു തിരശ്ശില ഇട്ടു. അദ്ദേഹത്തിന്റെ ഭൂതകാലത്തെ പറ്റി, ജീവിതരീതിയെ പറ്റി, കുടുംബ സാഹചര്യങ്ങളെ പറ്റി പലതും കേള്‍ക്കുന്നു. മരണമാണല്ലോ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ നല്‍കുന്നത്. ആരോടും സഹകരിച്ച്, യോചിച്ച് പോകാന്‍ കഴിയാത്ത പ്രകൃതം. ഭാര്യമാരും മക്കളും ഉണ്ടായിരുന്നിട്ടും ഇത്രയും കാലത്തെ ഏകാന്തവാസം അത് ശരിവക്കുന്നു. ആരാലും നിയന്ത്രിക്കപ്പെടാന്‍ ഇഷ്ടപ്പെടാതെയും സ്വന്തം ശരികളില്‍ മാത്രം മുറുകെ പിടിച്ചും അദ്ദേഹം ജീവിച്ചു, മരിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം ആരെയും ദുഃഖത്തിന്റെ ആഴകടലുകളിലേക്കൊന്നും തള്ളിയിട്ടിട്ടുണ്ടാകില്ല. ഏതായാലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ന് ഒരു ശുന്യതയായി മാറിയിരിക്കുന്നു.
സ്വന്തം മരണം സ്വയം തിരഞ്ഞെടുക്കാന്‍ നമ്മുടെ ഭരണഘടനയില്‍ വകുപ്പൊന്നും ഇല്ലെന്ന് അറിഞ്ഞോ അറിയാതെയോ അദ്ദേഹം അത് തിരഞ്ഞെടുത്തു. അന്ത്യസമയങ്ങളില്‍ പ്രക്ഷുബ്ധമായതോ ശാന്തമയതോ ആയ എന്തൊക്കെ ചിന്തകള്‍ ആയിരിക്കും ആ മനസ്സിലുടെ കടന്നു പോയിട്ടുണ്ടാവുക? ഈ കൃത്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഏതെങ്കിലും ഘടകത്തിനു കഴിയുമയിരുന്നുവോ? പിടിച്ച് നില്ക്കാന്‍ അവസാനം വരെയും അദ്ദേഹം ശ്രമിച്ചു എന്ന് മരണത്തിനു ദിവസങ്ങള്‍ക്കു മുന്‍പുള്ള സംസാരങ്ങള്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. എങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങാന്‍ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിട്ടില്ല (ആത്മഹത്യ ഒരു വഴങ്ങലായി കണക്കാക്കിയില്ലെങ്കില്‍). ഈ മരണം ഇത്തരത്തില്‍ ആവാനുള്ള കാരണക്കാരന്‍ അദ്ദേഹം മാത്രമാണെന്ന് എല്ലാവരും അടിയുറച്ചു തന്നെ വിശ്വസിക്കുന്നു. ആത്മഹത്യ ഒരു പരാജയം എന്ന നിലക്ക് പൊതുസമുഹം വിലയിരുത്തുമ്പോള്‍ ആ വിശ്വാസം ശരിയാണെന്ന് സമ്മതിക്കാം. എന്നാല്‍ ആത്മഹത്യയിലുടെ അദ്ദേഹം പരാജയം സമ്മതിക്കുകയായിരുന്നോ അതോ വിജയിക്കുകയയിരുന്നോ എന്നത് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക് തന്റെ ഇഷ്ടങ്ങളെയും ശീലങ്ങളെയും അടിയറവു വയ്ക്കാന്‍ തയാറാകാതെ മരണം തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിനു അതൊരു വിജയം തന്നെയാകനാണ് സാധ്യത. ആത്മഹത്യ തിരഞ്ഞെടുക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഇങ്ങനെയൊരു വിജയത്തിന്റെ തത്വശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ടാകാം.
പറയുന്ന കാര്യങ്ങളില്‍ ഭുരിഭാഗവും കളവും സ്വയംപ്രശംസകളും ആയിരുന്നെങ്കിലും അതിലെവിടെയോക്കെയോ തന്നെ ആത്മഹുതിയിലെക്ക് നയിച്ച സത്യങ്ങളും അദ്ദേഹം ഒളിപ്പിച്ചിട്ടുണ്ടാകണം. ആ സത്യങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ളവരാരും ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ അദ്ദേഹം ആരെയും അതിന് അനുവദിച്ചിട്ടില്ല. ജീവിതത്തിന്റെ തെളിവ് മരണവും മരണത്തിന്റെ തെളിവ് ജീവിതവും മാത്രം ആകുമ്പോള്‍ ആത്മഹത്യ എന്തിന്റെ തെളിവാകുന്നു? ജീവിത വിജയത്തിന്റെയോ അതോ പരാജയത്തിന്റെയോ അതോ അതിനപ്പുറമോ ആയ തെളിവുകള്‍ ആകാന്‍ ആത്മഹത്യക്ക് കഴിയുന്നില്ലേ? ഏതായാലും ആത്മഹത്യ മനുഷ്യമനസ്സിന്റെ ശക്തമായ ഒരു statement ആയി മാറുകയാണിവിടെ. അദ്ദേഹം സ്വന്തം നുണകളുടെ ഇടയില്‍ ഒളിപ്പിച്ച സത്യങ്ങളുടെ ശക്തമായ, ശുന്യമായ ഒരു statement.
ഏതായാലും അദ്ദേഹം വിജയിച്ചോ പരാജയപ്പെട്ടോ എന്ന് തീരുമാനിക്കുന്നതിന് മുംബ് ഈ പറഞ്ഞ വിജയം അല്ലെങ്കില്‍ പരാജയം എന്താണെന്ന ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടി വരും. ഒരു പരിഹാരത്തെയാണ് വിജയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ഒരു സംപുര്‍ണപരാജയം തന്നെയായിരുന്നു. മറിച്ച് ഒരു രക്ഷപെടല്‍ ആണ് വിജയം എന്നതിന്റെ അര്‍ഥം എങ്കില്‍ അദ്ദേഹം ഒരു വിജയിയും ആകുന്നു. അങ്ങനെയെങ്കില്‍ സാമ്പത്തികമായ പരാജയം, വാര്‍ധക്യം, രോഗം ഇതിനെല്ലാം ഉപരി ആരോടും സഹകരിക്കാന്‍ കഴിയാത്ത മനസ്സ്; ഈ പ്രശ്നങ്ങള്‍ക്ക് തന്റെ എഴുപതാം വയസ്സില്‍ അദ്ദേഹം കണ്ടെത്തേണ്ടിയിരുന്ന പരിഹാരം എന്തായിരുന്നു? ആ പരിഹാരം തന്നെയാണോ ഈ രക്ഷപെടല്‍?