Monday, 22 October 2007

വിവാഹച്ചടങ്ങ്

വരന്‍ മാതാപിതാക്കളുടെ കൈ പിടിച്ച് അരങ്ങിലെത്തുന്നു. മുഖം കണ്ടാലറിയാം നെഞ്ചിടിപ്പിന്റെ വേഗത. നടന്ന് അരങ്ങിന്റെ മുന്നിലെത്തി എല്ലാവറ്ക്കും കൂടി കൈ കൂപ്പി ഒരു പ്രണാമം. പിന്നെ തിരിച്ച് നടന്ന് മണ്ഡപത്തില്‍ കയറി ഇരിപ്പായി. അപ്പോഴേക്കും ‘സ്ഥലത്തെ പ്രധാനവ്യക്തി‘ വിയര്‍പ്പില്‍ കുളിച്ച്, മുഖത്ത് കൃത്രിമമായ ഒരു ആശങ്കയൊക്കെ നിറച്ച് എങ്ങോട്ടെന്നില്ലാതെ കറങ്ങുകയാണ്; പൂജാരി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു ജാഥ അരങ്ങിലേക്ക് മാര്‍ച്ച് ചെയ്ത് വരികയാണ്. എല്ലാവരുടെ കൈയിലും തിരിനാളം. ഇതു കണ്ടപ്പോഴാണ് ഗണിതത്തില്‍ സമാന്തര ശ്രേണിയും സമഗുണിത ശ്രേണിയും പഠിച്ചതിന്റെ ഉപയോഗം മനസ്സിലായത്. മാര്‍ച്ചില്‍ പ്ങ്കെടുക്കുന്നവരുടെ ഉയരം ഇതിലേതോ ശ്രേണിയില്‍ പെട്ടതാണ്. ഏതു ശ്രേണിയാണെന്നു കണ്ടെത്താനുള്ള കഠിന പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് മനസ്സിലാകുന്നത് അതൊരു ജാഥയല്ലെന്ന്. കാരണം വധു ജാഥയുടെ അവസാനം വരുന്നു. ഏതായാലും വന്ന നില്‍പ്പില്‍ തന്നെ നില്‍ക്കാതെ അവര്‍ നടക്കുകയാണ്. അതും മണ്ഡപത്തെ ചുറ്റി. ആദ്യമേ വന്ന കുട്ടികള്‍ വലിയ ഉത്സാഹത്തിലാണ്‌. അവര്‍ കൈയിലിരുന്ന തിരിനാളം അരങ്ങിന്റെ മുന്‍പില്‍ കൊണ്ട് നിരത്തി വച്ചിട്ട് തുള്ളിച്ചാടി പൊയ്ക്കളഞ്ഞു. കുട്ടികളല്ലേ അവര്‍ ചിന്തിക്കില്ലല്ലോ അതവിടെയിരുന്നാല്‍ അപകടമാണെന്ന്. ആരെങ്കിലും വന്ന് അതെടുത്ത് മാറ്റും എന്ന പ്രതീക്ഷയില്‍ ഞാന്‍ അങ്ങനെ ഇരിക്കുമ്പോള്‍ വധുവും തിരിനാളം അവിടെ തന്നെ പ്രതിഷ്ഠിക്കുന്നു. എന്തു ചെയ്യും? ഏതായാലും, കുളിച്ച് സുന്ദരിയായി, മുഖത്ത് പൌഡറൊക്കെയിട്ട് തിളങ്ങുന്ന മുടിയുമായി കസേരയിലിരുന്ന് ചിരിക്കുന്ന മുത്തശ്ശിയുടെ നേരിയതില്‍ തീയൊന്നു കയറിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യത്തിന് അത് സംഭവിച്ചില്ല. ഒടുവില്‍ വധുവും കൈ കൂപ്പിയുള്ള പ്രണാമത്തിന് ശേഷം മണ്ഡപത്തില്‍ കയറി ഇരിപ്പായി. വധുവിന്റെ മുഖത്തും എന്തെന്നില്ലാത്ത പരിഭ്രമം.

വരന് വധുവിന്റെ മുഖത്ത് ഒന്നു നോക്കണമെന്ന് ആശ കാണില്ലേ? അതു പോലെ തിരിച്ചും. പക്ഷെ അവര്‍ നോക്കിയില്ല. ഒരു വാക്കു പോലും മിണ്ടിയതുമില്ല. എന്താ കാര്യം? സ്ഥലത്തെ പ്രധാന വ്യക്തി കര്‍മ്മങ്ങള്‍ അങ്ങു തുടങ്ങുകയായി. അദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമം കണ്ടുകൊണ്ട് എങ്ങനെയാണ് വരന് വധുവിനോട് എന്തെങ്കിലും സംസാരിക്കാന്‍ കഴിയുക? ആരും ഒന്നും സഹായിക്കാന്‍ പോലുമില്ലാതെ ‘പ്രധാനവ്യക്തി‘ തിടുക്കത്തില്‍ ജോലി തുടരുകയാണ്. ഇടതു കയ്യില്‍ ഒരു മണി പിടിപ്പിച്ചിട്ടുണ്ട്. അത് യാന്ത്രികമായി ണിം.. ണിം... എന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. ആള്‍ക്കാര്‍ തന്നെ ശ്രദ്ധിക്കുന്നില്ല എന്നു തോന്നുമ്പോള്‍ ആകണം, മണി മുഴക്കത്തിന്റെ വേഗത ഒന്നു കൂട്ടി നല്ല ഉച്ചത്തില്‍ രണ്ട് മൂന്നെണ്ണം അടിക്കുന്നത്. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ പൂക്കളില്‍ ചിലത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇടുന്നത് കണ്ടു. പിന്നെ ഒരു തിരിനാളം എടുത്ത്, വധൂവരന്മാരുടെ മുഖം ഒന്നു കൂടി നന്നായി കാണാന്‍ എന്ന വണ്ണം അവര്‍ക്കു നേരെ പിടിച്ച് മൂന്നു പ്രാവശ്യം വൃത്തത്തില്‍ ഓടിച്ചു. പുള്ളിക്ക് ഈ മൂന്ന് എന്നത് ഒരു ഇഷ്ട സംഖ്യ ആണെന്നു തോന്നുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം ഈ മൂന്നിന്റെ സ്വാധീനം ദൃശ്യമാകുന്നുണ്ട്. പിന്നീട് ചെയ്തത് അവിടെ ഒരു മൊന്തയില്‍ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് തറയിലൊക്കെ കുടഞ്ഞ് വൃത്തികേടാക്കി, വധൂവരന്മാരോട് എന്തോ പറഞ്ഞു: “ശുദ്ധജലമാണ് കുടിച്ചോളൂ” എന്നോ മറ്റോ ആകണം പറഞ്ഞത്. തുടര്‍ന്ന് ജലം വധൂവരന്മാരുടെ കൈകളില്‍ പകര്‍ന്ന് കൊടുത്തു. അല്‍പ്പം കുടിച്ചപ്പോള്‍ എന്തോ അമളി പറ്റിയ പോലെ രണ്ട് പേരും കൈ തലയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. വെളിയില്‍ സ്ഥലമില്ലാഞ്ഞിട്ടാകുമോ അവര്‍ വെള്ളം തലയില്‍ ഒഴിച്ചത്? ‘പ്രധാനവ്യക്തി’ യുടെ ഇത്തരം വിക്രിയകള്‍ കുറച്ചു നേരം കൂടി തുടര്‍ന്നു. തുടര്‍ന്ന് കൂടി നിന്നവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു. വധൂവരന്മാരുള്‍പ്പടെ എല്ലാവരും കണ്ണും കാതും കൂര്‍പ്പിച്ച് നില്‍ക്കുകയാണ് പുള്ളി എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍. സ്ഥലത്തെ പ്രധാന വ്യക്തിയല്ലേ!! ഇതിനിടയില്‍ വധുവിന് വരനോടോ തിരിച്ചോ ഒരു കിന്നാരം ചൊല്ലാന്‍ എവിടെയാണ് സമയം?

ഇത്രയുമായപ്പോഴേക്കും പൂമാലയും താലിയും എത്തിക്കഴിഞ്ഞു. അതും ആദ്യം കൊടുത്തത് പൂജാരിയുടെ കൈകളിലാണ്. താലി കയ്യില്‍ കിട്ടിയ ഉടനേ അത് കയ്യില്‍ ചേര്‍ത്ത് വച്ചു കൊണ്ട് കണ്ണടച്ച് കുറച്ചു സമയം നിന്നു. മാല എത്ര പവനുണ്ടാകും, ഇപ്പൊ സ്വര്‍ണ്ണത്തിനെന്താ വില എന്നോ മറ്റോ ആകും ചിന്തിച്ചത്. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നിയത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍, “ഓ.. ഇതെനിക്കു വേണ്ട” എന്ന മട്ടില്‍ മാല വരന്റെ കയ്യില്‍ കൊടുത്തു. വരന് ഈ മാല വധുവിനെ ഒന്നണിയിക്കണമെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ആരൊക്കെ പറയുന്നത് കേള്‍ക്കണം? കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയണമെന്നോ, തല തിരിച്ചു പിടിക്കണമെന്നോ, കണ്ണുകള്‍ ഏങ്കോണിച്ച് വയ്ക്കണമെന്നോ ഒക്കെ പറയുന്നുണ്ടാകണം. ഏതായാലും പൂജാരി ഉള്ളത് രക്ഷയായി. പുള്ളി പറഞ്ഞാല്‍ പിന്നെ മറുവാക്കില്ലല്ലോ. എല്ലാ കാര്യങ്ങള്‍ ചെയ്യുമ്പോഴും മൂന്നിന്റെ സ്വാധീനം ഉണ്ടാകുന്നത് താലി കെട്ടുന്ന കാര്യത്തില്‍ ഉണ്ടാകാതിരുന്നത് ഭാഗ്യമായി!

ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്യുന്നതിനിടയില്‍ കത്തിച്ചു വച്ചിരിക്കുന്ന വിളക്കിന്റെ തിരിയെങ്ങാനും അബദ്ധത്തിന് അണഞ്ഞ് പോയിരുന്നെങ്കില്‍ പിന്നെ എന്തൊക്കെ പുകിലുണ്ടായേനെ? ഒരു പക്ഷെ അത് ഭാവിയില്‍ ഒരു വിവാഹമോചനം വരെയെത്തിയേക്കാന്‍ തക്ക കാരണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാലയിടല്‍ കഴിഞ്ഞതോടെ വധൂവരന്മാരെ താഴെയിറക്കി നടത്തിക്കുകയാണ്. അവിടെയും മൂന്ന്. മണ്ഡപത്തിനു ചുറ്റും മൂന്ന് തവണ കറങ്ങി അവര്‍ നടന്ന് അണിയറയിലേക്ക് കയറിപ്പോയി. ഏതായാലും ‘സ്ഥലത്തെ പ്രധാന വ്യക്തി’ യെ പിന്നെ കണ്ടതേയില്ല. പിന്നെ ഞാന്‍ ഒരു മല്പിടുത്തമൊക്കെ നടത്തി സദ്യയും കഴിഞ്ഞ് തിരിച്ച് വന്ന് കസേരയില്‍ വിശ്രമിക്കുമ്പോഴാണ് വധൂവരന്മാരെ ചിരിച്ച മുഖത്തോടെ ഒന്നു കാണാന്‍ കഴിഞ്ഞത്. ഞാന്‍ ചിന്തിക്കുകയായിരുന്നു:

ജീവിതത്തില്‍ എത്രയധികം പ്രണയാര്‍ദ്രവും, വികാര നിര്‍ഭരവുമായ ഒരു സന്ദര്‍ഭത്തെയാണ് വെറും യാന്ത്രികമായ ഒരു ചടങ്ങാക്കി മാറ്റിയത്. സ്വതന്ത്രമായി ഒന്നു സംസാരിക്കാന്‍ കഴിയാതെ, വീര്‍പ്പുമുട്ടലോടെ, ചെയ്യുന്ന കര്‍മ്മങ്ങളില്‍ പിശക് വരാതെ ശ്രദ്ധിച്ച്, സൂക്ഷിച്ച് നടത്തുന്ന ആ ചടങ്ങ് ഒന്നു കഴിഞ്ഞിട്ട് വേണം വധൂവരന്മാര്‍ക്ക് എന്തെങ്കിലും സംസാരിക്കാന്‍, ഒന്നു തമാശിക്കാന്‍, ഒന്നു ചിരിക്കാന്‍... ജീവിതത്തിലെ ഏറ്റവും മനോഹരമായ ഇത്തരം സന്ദര്‍ഭങ്ങളെ എന്തിന് ചടങ്ങുകളുടെയും വിശ്വാസങ്ങളുടെയും ചങ്ങലപ്പൂട്ട് കൊണ്ട് വരിഞ്ഞ് മുറുക്കുന്നു? അല്ലാതെ തന്നെ സമൂഹം നിയന്ത്രണങ്ങളും ശാസനകളും കൊണ്ട് നിറഞ്ഞതാണല്ലോ. അന്ധവിശ്വാസങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് ഇനി എന്നാണ് നമുക്ക് നന്നായി ശ്വാസം കഴിക്കാനാകുക?

കടപ്പാട്:  ഇങ്ങനെ ഒരു തുടര്‍വായന തയാറാക്കാന്‍ പ്രേരകമായ ശ്രീ സുകുമാര്‍ ന്റെ  'കതിര്‍ മണ്ഡപത്തിലെ ആരാച്ചാര്‍' എന്ന ലേഖനം.

Monday, 15 October 2007

കുഞ്ഞനുജന്‍

അവന്‍ എന്നെ പിരിഞ്ഞ് എന്നെന്നേക്കുമായി പൊയ്ക്കളഞ്ഞു. എന്റെ കുഞ്ഞനുജന്‍, എന്റെ അടുത്ത കളിക്കൂട്ടുകാരന്‍. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ സന്തോഷങ്ങളില്‍ പങ്കാളിയയി, എന്റെ ദു:ഖങ്ങളില്‍ സാന്ത്വനമായി അവന്‍ എന്നും നിന്നിട്ടുണ്ട്. അവനോട് സംസാരിക്കാത്ത ദിവസങ്ങള്‍ വിരളം.

കുഞ്ഞായി, വളരെ കുഞ്ഞായി എന്റെ കൈകളില്‍ ഇരിക്കുന്ന അവന്‍, ഓര്‍മ്മയില്‍ മായാത്ത ചിത്രമായി ഇന്നും അവശേഷിക്കുന്നു. പിച്ച വച്ചു തുടങ്ങിയ കാലത്ത്, വിറക്പുരയുടെ തിട്ടയില്‍ നിന്നു താഴെ വീണപ്പോള്‍‌ അവനു വല്ലാതെ വേദനിച്ചിട്ടുണ്ടാകണം. വേദനിച്ചെങ്കിലും ഇല്ലെങ്കിലും അവന്‍ പറയില്ലല്ലോ. കാല്‍ ഉറയ്ക്കാതെയുള്ള ആ നടത്തം ഓര്‍ക്കുമ്പോള്‍ അവന്‍ വലുതാകേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. കാലത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. അവന്‍ വളര്‍ന്നു. കയ്യും മെയ്യും ഉറച്ച വലിയ ചെറുപ്പക്കാരനായി. പക്ഷെ, എന്നും അവന്‍ എനിക്കു കുഞ്ഞു തന്നെയാണ്. എപ്പോഴും മണ്ടത്തരങ്ങള്‍ കാണിക്കുന്ന മരമണ്ടൂസായിരുന്നു അവന്‍ എനിക്ക് എന്നും. അവന്‍ എന്തു കാണിച്ചാലും അതെനിക്ക് തമാശ്ശയായിരുന്നു. എപ്പോഴും ഞാന്‍ അവനെ കളിയാക്കിയിരുന്നു. അവന് അതില്‍ പരിഭവമൊന്നുമില്ല. എപ്പോഴും ചിരിക്കാറുള്ളതു പോലെ ചിരിക്കും അല്ലെങ്കില്‍ മുഖത്ത് ഒരു ഭാവഭേതവുമില്ലാതെ അങ്ങനെ നില്‍ക്കും.



എന്നും ഉറക്കം തൂങ്ങിയായിരുന്ന അവന്‍ ദിവസ്സത്തിലെ ഒരു മിനിട്ട് പോലും നഷ്ടമാക്കാതെ ഉറങ്ങുക പതിവായിരുന്നു. ഈ ഉറക്കം കണ്ട് ഞാന്‍ തന്നെ പലപ്പോഴും അന്തിച്ചു പോയിട്ടുണ്ട്. എങ്ങനെ ഇത്രയ്ക്കുറങ്ങാന്‍ കഴിയുന്നു!! ഇടയ്ക്ക് ആഹാരം കഴിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിയാനെങ്കിലും എഴുന്നേല്‍ക്കും. ആഹാരം കഴിഞ്ഞ‍ ഉടന്‍, സമയം ഒട്ടും തന്നെ കളയാതെ വീണ്ടും ഉറക്കത്തിലേയ്ക്ക് പോകും. ഭാവിയെക്കുറിച്ചും, ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും മറ്റും ചിന്തിക്കേണ്ടാത്തതു കൊണ്ട് അവന്‍ സുഖമായി ഉറങ്ങി; ദു:ഖങ്ങള്‍ ഇല്ലാതെ, സുഖങ്ങള്‍ ഇല്ലാതെ. അവന് സന്തോഷമുണ്ടാകുന്ന സമയം ആഹാരം കഴിക്കുമ്പോള്‍; ദു:ഖമുണ്ടാകുന്നത്, പ്രഭാതങ്ങളില്‍ അവന്റെ സ്വാതന്ത്ര്യത്തിന് ഞാന്‍ തടയണയിടുമ്പോള്‍. ഇത്ര കാലം എന്നോടൊപ്പം ഉണ്ടായിട്ടും അവന്റെ മറ്റ് ഭാവങ്ങള്‍ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കുളിപ്പിക്കാനായി കൊണ്ടുപോകുമ്പോള്‍ തുള്ളിച്ചാടുമെങ്കിലും, കുളി തുട്ങ്ങിയാല്‍ മടിയനാകും. തണുപ്പ് തട്ടുമ്പോള്‍ ഓടാന്‍ തുടങ്ങും. വിടാതെ പിടിച്ചു നിര്‍ത്തുമായിരുന്നു ഞാന്‍. തലയില്‍ വെള്ളമൊഴിക്കുന്നത് ഒരിക്കലും ഇഷ്ടമായിരുന്നില്ല.



ഞാന്‍ അവന്റെയടുത്ത് പോകുമ്പോള്‍ ആദ്യം ഒന്നും സംസാരിക്കാതെ മാറി നില്‍ക്കുക പതിവായിരുന്നു. കിടക്കുന്നിടത്തു നിന്ന് അവന്‍ എഴുന്നേറ്റ് വന്നാലേ ഞാന്‍ ചങ്ങാത്തം കൂടുമായിരുന്നുള്ളൂ. സ്വതവേ മടിയനായ അവന്‍ എഴുന്നേല്‍ക്കുന്നത് ഒരു വലിയ ചടങ്ങാണ്. ആദ്യം തല പതിയെ ഉയര്‍ത്തി ഒന്നു നോക്കും. ഞാന്‍ അടുത്തു ചെല്ലാന്‍ കാക്കും. ഇല്ല എന്നു കാണുമ്പോള്‍, ജന്മനാ കാഴ്ച കുറഞ്ഞ ഒരു കണ്ണുമായി എന്നെ നോക്കി നോക്കിയില്ല എന്ന മട്ടില്‍ കിടക്കും. വീണ്ടും കണ്ടില്ലെങ്കില്‍ ഒരു കള്ളച്ചിരിയുമായി തല ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഒന്നു വെട്ടിച്ച് എഴുന്നേറ്റ് എന്റെയടുത്ത് വരും. തലയില്‍ തലോടുമ്പോള്‍ തല കുനിച്ച് എന്നോട് ചേര്‍ന്നു നില്‍ക്കും.

ഞാന്‍, എന്റെ ദു:ഖങ്ങള്‍ പറയാന്‍ എന്റെ സന്തോഷങ്ങള്‍ പങ്കു വയ്ക്കാന്‍ അവന്റെയടുത്തെത്തുമായിരുന്നെങ്കിലും, അവന്റെ ഒരു സന്തോഷത്തിലും ദു:ഖത്തിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല. അവന്‍ അതൊന്നും എന്നോട് പറഞ്ഞിട്ടില്ല; അല്ലെങ്കില്‍ പറഞ്ഞത് എനിക്ക് മനസ്സിലായിട്ടില്ല. അവന്‍ എന്തൊക്കെയാവും ചിന്തിച്ചിരുന്നത്? എന്തൊക്കെയായിരുന്നിരിക്കും അവന്റെ സ്വപ്നങ്ങള്‍? അവന് സ്വപ്നങ്ങള്‍ കാണാന്‍ കഴിയുമായിരുന്നോ? സമൂഹവുമായി യാതൊരു ബന്ധവും പുലര്‍ത്താനാകാത്ത, മുരടിച്ച ഒരു ജീവിതമായിരുന്നില്ലേ അവന്റേത്? അവന്റെ മനസ്സിനെ വളരാന്‍ അനുവദിക്കാതെ കൂട്ടില്‍ അടച്ചിടുകയായിരുന്നില്ലേ ഞാനുള്‍പ്പടെയുള്ളവര്‍ ചെയ്തത്? നമ്മുടെ സന്തോഷത്തിനു വേണ്ടി അവന്റെ ജീവിതത്തെ, തിരികെ കയറാന്‍ കഴിയാത്ത പടുകുഴിയില്‍ തള്ളിയിടുകയായിരുന്നില്ലേ നാം? അവനു വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയിമായിരുന്നു? അവന്‍ നമ്മോടൊപ്പം നമ്മില്‍ ഒരാളല്ലാതെ ജീവിച്ചില്ലേ?

എന്തൊക്കെ തന്നെയായിരുന്നെങ്കിലും, അവന് ഒരിക്കലും എന്നോട് ഒരു പരിഭവവും ഉണ്ടായിരുന്നില്ല എന്നെനിക്ക് തീര്‍ത്തും പറയാന്‍ കഴിയും. അനുസരണക്കേട് കാട്ടുമ്പോള്‍ നല്ല ശകാരവും തല്ലും കൊടുത്തിട്ടുണ്ട് ഞാന്‍. ശുദ്ധഗതിക്കാരനായ അവന്‍ ആ സമയത്ത് എന്നോട് കയര്‍ക്കുമായിരുന്നു. പക്ഷെ ഒരിക്കലും അവന് അത് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അടുത്ത നിമിഷത്തില്‍ ഞാന്‍ ലോഹ്യം കൂടാന്‍ ചെന്നാല്‍ അവന്‍ എന്നോടൊപ്പം ചേരുമായിരുന്നു. അവന്റെ മുഖത്തെ പ്രസ്സന്നമായ ചിരി, വിഢിത്തം നിറഞ്ഞ ചിരി, അത് എന്നെ എന്നും സന്തോഷിപ്പിച്ചിരുന്നു. സത്യത്തില്‍ അവന്‍ ചിരിക്കുകയായിരുന്നോ? എന്റെ സന്തോഷത്തിനു വേണ്ടി ഞാന്‍ തന്നെ കണ്ടെത്തിയ ഒരു സങ്കല്‍പ്പമായിരുന്നില്ലേ ആ ചിരി?

ഇങ്ങനെ പോയാല്‍ അവന്റെ ഒരു ഭാവവും അതിന്റെ ഒരര്‍ത്ഥവും എനിക്കറിയില്ലായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. ആകെ ഒരു ആശ്വാസമായി ഉണ്ടായിരുന്നത്, എനിക്കറിയാം എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നത്, അവന് എന്നോട് സ്നേഹം വരുമ്പോഴുള്ള ഭാവമായിരുന്നു. പക്ഷെ അടുത്തയിടെ കേട്ട ഒരു വാര്‍ത്ത എന്റെ ആ വിശ്വാസവും തകര്‍ത്തു കളഞ്ഞു: നായ്ക്കള്‍ വാലാട്ടുന്നത് സ്നേഹം ഉണ്ടാകുന്നത് കൊണ്ടാകണമെന്നില്ല എന്നത് പുതിയ കണ്ടുപിടുത്തമത്രേ!!

Sunday, 14 October 2007

വൃദ്ധന്‍

തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത മനസ്സും ശരീരവുമായി, ഒരു വയോവ്രദ്ധന്‍, പാദങ്ങളില്‍ ചെരുപ്പിന്റെ സംരക്ഷ്ണം പോലുമില്ലാതെ ബസ്സില്‍ എന്റെയടുത്തിരിക്കുന്നുണ്ടായിരുന്നു. തിളക്കം നഷ്ടപ്പെട്ട്, മങ്ങല്‍ ബാധിച്ച്, അഗാധ ഗര്‍ത്തങ്ങളില്‍ വീണെന്ന പോലെയുള്ള ആ കണ്ണുകള്‍ക്ക് എന്തെല്ലാം കാഴ്ചകളുടെ കഥകള്‍ പറയാനുണ്ടാകും? മുന്‍സീറ്റിലെ കമ്പിയില്‍ മുറുകെ പിടിച്ചിരുന്ന, കൈകള്‍ എന്ന് പേരു വിളിക്കാവുന്ന ശോഷിച്ച അവയവം, എന്തെല്ലാം പ്രവര്‍ത്തനങ്ങളിലൂടെ കടന്നു വന്നതാവാം? വാര്‍ദ്ധക്യം എന്നത് ഒരു ഭീകരതയാണോ?