Monday, 15 October 2007

കുഞ്ഞനുജന്‍

അവന്‍ എന്നെ പിരിഞ്ഞ് എന്നെന്നേക്കുമായി പൊയ്ക്കളഞ്ഞു. എന്റെ കുഞ്ഞനുജന്‍, എന്റെ അടുത്ത കളിക്കൂട്ടുകാരന്‍. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ സന്തോഷങ്ങളില്‍ പങ്കാളിയയി, എന്റെ ദു:ഖങ്ങളില്‍ സാന്ത്വനമായി അവന്‍ എന്നും നിന്നിട്ടുണ്ട്. അവനോട് സംസാരിക്കാത്ത ദിവസങ്ങള്‍ വിരളം.

കുഞ്ഞായി, വളരെ കുഞ്ഞായി എന്റെ കൈകളില്‍ ഇരിക്കുന്ന അവന്‍, ഓര്‍മ്മയില്‍ മായാത്ത ചിത്രമായി ഇന്നും അവശേഷിക്കുന്നു. പിച്ച വച്ചു തുടങ്ങിയ കാലത്ത്, വിറക്പുരയുടെ തിട്ടയില്‍ നിന്നു താഴെ വീണപ്പോള്‍‌ അവനു വല്ലാതെ വേദനിച്ചിട്ടുണ്ടാകണം. വേദനിച്ചെങ്കിലും ഇല്ലെങ്കിലും അവന്‍ പറയില്ലല്ലോ. കാല്‍ ഉറയ്ക്കാതെയുള്ള ആ നടത്തം ഓര്‍ക്കുമ്പോള്‍ അവന്‍ വലുതാകേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. കാലത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. അവന്‍ വളര്‍ന്നു. കയ്യും മെയ്യും ഉറച്ച വലിയ ചെറുപ്പക്കാരനായി. പക്ഷെ, എന്നും അവന്‍ എനിക്കു കുഞ്ഞു തന്നെയാണ്. എപ്പോഴും മണ്ടത്തരങ്ങള്‍ കാണിക്കുന്ന മരമണ്ടൂസായിരുന്നു അവന്‍ എനിക്ക് എന്നും. അവന്‍ എന്തു കാണിച്ചാലും അതെനിക്ക് തമാശ്ശയായിരുന്നു. എപ്പോഴും ഞാന്‍ അവനെ കളിയാക്കിയിരുന്നു. അവന് അതില്‍ പരിഭവമൊന്നുമില്ല. എപ്പോഴും ചിരിക്കാറുള്ളതു പോലെ ചിരിക്കും അല്ലെങ്കില്‍ മുഖത്ത് ഒരു ഭാവഭേതവുമില്ലാതെ അങ്ങനെ നില്‍ക്കും.



എന്നും ഉറക്കം തൂങ്ങിയായിരുന്ന അവന്‍ ദിവസ്സത്തിലെ ഒരു മിനിട്ട് പോലും നഷ്ടമാക്കാതെ ഉറങ്ങുക പതിവായിരുന്നു. ഈ ഉറക്കം കണ്ട് ഞാന്‍ തന്നെ പലപ്പോഴും അന്തിച്ചു പോയിട്ടുണ്ട്. എങ്ങനെ ഇത്രയ്ക്കുറങ്ങാന്‍ കഴിയുന്നു!! ഇടയ്ക്ക് ആഹാരം കഴിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിയാനെങ്കിലും എഴുന്നേല്‍ക്കും. ആഹാരം കഴിഞ്ഞ‍ ഉടന്‍, സമയം ഒട്ടും തന്നെ കളയാതെ വീണ്ടും ഉറക്കത്തിലേയ്ക്ക് പോകും. ഭാവിയെക്കുറിച്ചും, ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും മറ്റും ചിന്തിക്കേണ്ടാത്തതു കൊണ്ട് അവന്‍ സുഖമായി ഉറങ്ങി; ദു:ഖങ്ങള്‍ ഇല്ലാതെ, സുഖങ്ങള്‍ ഇല്ലാതെ. അവന് സന്തോഷമുണ്ടാകുന്ന സമയം ആഹാരം കഴിക്കുമ്പോള്‍; ദു:ഖമുണ്ടാകുന്നത്, പ്രഭാതങ്ങളില്‍ അവന്റെ സ്വാതന്ത്ര്യത്തിന് ഞാന്‍ തടയണയിടുമ്പോള്‍. ഇത്ര കാലം എന്നോടൊപ്പം ഉണ്ടായിട്ടും അവന്റെ മറ്റ് ഭാവങ്ങള്‍ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കുളിപ്പിക്കാനായി കൊണ്ടുപോകുമ്പോള്‍ തുള്ളിച്ചാടുമെങ്കിലും, കുളി തുട്ങ്ങിയാല്‍ മടിയനാകും. തണുപ്പ് തട്ടുമ്പോള്‍ ഓടാന്‍ തുടങ്ങും. വിടാതെ പിടിച്ചു നിര്‍ത്തുമായിരുന്നു ഞാന്‍. തലയില്‍ വെള്ളമൊഴിക്കുന്നത് ഒരിക്കലും ഇഷ്ടമായിരുന്നില്ല.



ഞാന്‍ അവന്റെയടുത്ത് പോകുമ്പോള്‍ ആദ്യം ഒന്നും സംസാരിക്കാതെ മാറി നില്‍ക്കുക പതിവായിരുന്നു. കിടക്കുന്നിടത്തു നിന്ന് അവന്‍ എഴുന്നേറ്റ് വന്നാലേ ഞാന്‍ ചങ്ങാത്തം കൂടുമായിരുന്നുള്ളൂ. സ്വതവേ മടിയനായ അവന്‍ എഴുന്നേല്‍ക്കുന്നത് ഒരു വലിയ ചടങ്ങാണ്. ആദ്യം തല പതിയെ ഉയര്‍ത്തി ഒന്നു നോക്കും. ഞാന്‍ അടുത്തു ചെല്ലാന്‍ കാക്കും. ഇല്ല എന്നു കാണുമ്പോള്‍, ജന്മനാ കാഴ്ച കുറഞ്ഞ ഒരു കണ്ണുമായി എന്നെ നോക്കി നോക്കിയില്ല എന്ന മട്ടില്‍ കിടക്കും. വീണ്ടും കണ്ടില്ലെങ്കില്‍ ഒരു കള്ളച്ചിരിയുമായി തല ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഒന്നു വെട്ടിച്ച് എഴുന്നേറ്റ് എന്റെയടുത്ത് വരും. തലയില്‍ തലോടുമ്പോള്‍ തല കുനിച്ച് എന്നോട് ചേര്‍ന്നു നില്‍ക്കും.

ഞാന്‍, എന്റെ ദു:ഖങ്ങള്‍ പറയാന്‍ എന്റെ സന്തോഷങ്ങള്‍ പങ്കു വയ്ക്കാന്‍ അവന്റെയടുത്തെത്തുമായിരുന്നെങ്കിലും, അവന്റെ ഒരു സന്തോഷത്തിലും ദു:ഖത്തിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല. അവന്‍ അതൊന്നും എന്നോട് പറഞ്ഞിട്ടില്ല; അല്ലെങ്കില്‍ പറഞ്ഞത് എനിക്ക് മനസ്സിലായിട്ടില്ല. അവന്‍ എന്തൊക്കെയാവും ചിന്തിച്ചിരുന്നത്? എന്തൊക്കെയായിരുന്നിരിക്കും അവന്റെ സ്വപ്നങ്ങള്‍? അവന് സ്വപ്നങ്ങള്‍ കാണാന്‍ കഴിയുമായിരുന്നോ? സമൂഹവുമായി യാതൊരു ബന്ധവും പുലര്‍ത്താനാകാത്ത, മുരടിച്ച ഒരു ജീവിതമായിരുന്നില്ലേ അവന്റേത്? അവന്റെ മനസ്സിനെ വളരാന്‍ അനുവദിക്കാതെ കൂട്ടില്‍ അടച്ചിടുകയായിരുന്നില്ലേ ഞാനുള്‍പ്പടെയുള്ളവര്‍ ചെയ്തത്? നമ്മുടെ സന്തോഷത്തിനു വേണ്ടി അവന്റെ ജീവിതത്തെ, തിരികെ കയറാന്‍ കഴിയാത്ത പടുകുഴിയില്‍ തള്ളിയിടുകയായിരുന്നില്ലേ നാം? അവനു വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയിമായിരുന്നു? അവന്‍ നമ്മോടൊപ്പം നമ്മില്‍ ഒരാളല്ലാതെ ജീവിച്ചില്ലേ?

എന്തൊക്കെ തന്നെയായിരുന്നെങ്കിലും, അവന് ഒരിക്കലും എന്നോട് ഒരു പരിഭവവും ഉണ്ടായിരുന്നില്ല എന്നെനിക്ക് തീര്‍ത്തും പറയാന്‍ കഴിയും. അനുസരണക്കേട് കാട്ടുമ്പോള്‍ നല്ല ശകാരവും തല്ലും കൊടുത്തിട്ടുണ്ട് ഞാന്‍. ശുദ്ധഗതിക്കാരനായ അവന്‍ ആ സമയത്ത് എന്നോട് കയര്‍ക്കുമായിരുന്നു. പക്ഷെ ഒരിക്കലും അവന് അത് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അടുത്ത നിമിഷത്തില്‍ ഞാന്‍ ലോഹ്യം കൂടാന്‍ ചെന്നാല്‍ അവന്‍ എന്നോടൊപ്പം ചേരുമായിരുന്നു. അവന്റെ മുഖത്തെ പ്രസ്സന്നമായ ചിരി, വിഢിത്തം നിറഞ്ഞ ചിരി, അത് എന്നെ എന്നും സന്തോഷിപ്പിച്ചിരുന്നു. സത്യത്തില്‍ അവന്‍ ചിരിക്കുകയായിരുന്നോ? എന്റെ സന്തോഷത്തിനു വേണ്ടി ഞാന്‍ തന്നെ കണ്ടെത്തിയ ഒരു സങ്കല്‍പ്പമായിരുന്നില്ലേ ആ ചിരി?

ഇങ്ങനെ പോയാല്‍ അവന്റെ ഒരു ഭാവവും അതിന്റെ ഒരര്‍ത്ഥവും എനിക്കറിയില്ലായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. ആകെ ഒരു ആശ്വാസമായി ഉണ്ടായിരുന്നത്, എനിക്കറിയാം എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നത്, അവന് എന്നോട് സ്നേഹം വരുമ്പോഴുള്ള ഭാവമായിരുന്നു. പക്ഷെ അടുത്തയിടെ കേട്ട ഒരു വാര്‍ത്ത എന്റെ ആ വിശ്വാസവും തകര്‍ത്തു കളഞ്ഞു: നായ്ക്കള്‍ വാലാട്ടുന്നത് സ്നേഹം ഉണ്ടാകുന്നത് കൊണ്ടാകണമെന്നില്ല എന്നത് പുതിയ കണ്ടുപിടുത്തമത്രേ!!

6 comments:

ശ്രീ said...

ബിനു...

വളരെ നന്നായി വിവരിച്ചിരിക്കുന്നു. വളര്‍‌ത്തു മൃഗങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍‌ക്കും പറയാനുണ്ടാകും ഇത്തരം കഥകള്‍‌... അല്ലേ?
:)

വല്യമ്മായി said...

സസ്പെന്‍സ് നന്നായി

അങ്കിള്‍. said...

ബൂലോഗത്തേക്ക്‌ സ്വാഗതം.

തനിമലയാളം എന്ന post aggregator ല്‍ കൂടിയാണ്‌ ഞാനിവിടെ എത്തപ്പെട്ടത്‌. 'മറുമൊഴി' എന്ന ഒരു കമന്റ്‌ aggregator -ം നിലവിലുള്ള കാര്യം കൂടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മലയാളം ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന കമന്റുകള്‍ ശേഖരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണത്‌. താങ്കളുടെ പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളും അവിടെ പ്രദര്‍ശിപ്പിക്കാനൊരുക്കമെങ്കില്‍, കമന്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്ന കുറേപേര്‍ക്ക്‌ പ്രയോജനപ്പെട്ടേക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക

ഒരു കാര്യം കൂടി. മേല്‍പ്പറഞ്ഞകാര്യം ചെയ്തുകഴിഞ്ഞാല്‍, ആദ്യത്തെ കമന്റ് നിങ്ങളുടെത്‌ തന്നെയായിക്കോട്ടെ; പോസ്റ്റിന്റെ ഒരു സംഗ്രഹം.

ആ കമന്റ് ‘മറുമൊഴിയില്‍ ഒരു 10 മിനിട്ടിനകം വരുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

ഈ വിവരങ്ങള്‍ നേരത്തെ തന്നെ അറിയാമെങ്കില്‍, ഇതൊരു ഓര്‍മ്മപുതുക്കലായി മാത്രം കരുതുക. താങ്കള്‍ക്ക്‌ നല്ല നമസ്കാരം.

വി. കെ ആദര്‍ശ് said...

i am proud of u. be an innovative blogan

Anu said...

This is superb...super language and superb suspense...try to continue writing...

സു | Su said...

സ്വാഗതം. :)