Tuesday, 20 November 2007

വിദ്യാഭ്യാസം എങ്ങനെ?

‘A circle is the set of all points that are equidistant from a special point called its centre.’

ഒരു വൃത്തത്തെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരുവനെ വൃത്തത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ തുടങ്ങേണ്ട വാചകമാണോ ഇത്? വൃത്തത്തിന്റെ നിര്‍വചനമായ ഈ വാചകം ദഹിച്ച് അതൊരു വൃത്തത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ എത്ര സമയം വേണ്ടി വരും?

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാഭ്യാസത്തിനു വേണ്ടി മുകളില്‍ സൂചിപ്പിച്ച രീതിയെയാണ് അവലംബിക്കുന്നത്. അതു തന്നെയാണ് വിദ്യാഭ്യാസത്തെ ഏറ്റവും മുഷിപ്പുള്ള ഒന്നാക്കി മാറ്റുന്നത്. ഏറ്റവുമധികം സര്‍ഗാത്മകവും സൃഷ്ടിപരവുമായി മുന്നോട്ട് പോകേണ്ട വിദ്യാഭ്യാസം ഇന്ന് മുഖമുദ്രയാക്കിയിരിക്കുന്നത് യാന്ത്രികതയും വിരസതയുമാണ്.

നമ്മുടെ വിദ്യാഭ്യാസം സിദ്ധാന്തങ്ങളുടെ മാത്രം ഒരു ലോകമാണ്. അവിടെ പ്രായോഗികതയ്ക്ക് തരിമ്പും സ്ഥാനമില്ല. ഇവിടെ വിസ്മരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം, നിര്‍വചനങ്ങള്‍ രൂപപ്പെടുന്നത് പ്രായോഗികതയില്‍ നിന്നാണ് എന്നതാണ്. ഇതിന് ഉദാഹരണമായി നേരത്തേ സൂചിപ്പിച്ച വൃത്തത്തിന്റെ പ്രശ്നം തന്നെയെടുക്കാം. വൃത്തത്തെ കണ്ടെത്തിയതിന് ശേഷം മാത്രമാണ് അതിന്റെ നിര്‍വചനം കണ്ടെത്തുന്നത്. ആ വൃത്തത്തിന് സൈദ്ധാന്തികമായ ഒരു വിശദീകരണമാണ് നിര്‍വചനത്തിലൂടെ നടത്തുന്നത്. നമ്മുടെ വിദ്യാഭ്യാസം ഇതിനെ തലകീഴായി മറിക്കുന്നു. അത് സിദ്ധാന്തത്തിലൂടെയാണ് വൃത്തത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.

ഇവിടെ സൂചിപ്പിച്ച ഈ രണ്ട് രീതികള്‍ക്കും തമ്മില്‍ ഭയങ്കരമായ അന്തരം ഉണ്ട്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു വൃത്തത്തെ മനസ്സിലാക്കാന്‍ ചിലവഴിക്കുന്നതിന്റെ നാലിലൊന്ന് സമയം പോലും വേണ്ടിവരില്ല ശരിയായ രീതിയില്‍ വൃത്തത്തെ മനസ്സിലാക്കാന്‍. ഇവിടെ വൃത്തം എന്നത് വിദ്യാപ്രപഞത്തിലെ ഏറ്റവും ചെറിയ ഒരു കണികയായി കണക്കാക്കാം. ഒരു കണികയെ മനസ്സിലാക്കാന്‍ ഇത്ര കണ്ട് സമയം വേണ്ടി വന്നാല്‍ മൊത്തത്തില്‍ എത്ര കണികകളെ മനസ്സിലാക്കാന്‍ കഴിയും? ഈ അവസ്ഥയിലാണ് വിദ്യാഭ്യാസം അതിന്റെ ഉദ്ദേശ്യലക്ഷ്യമായ ആശയഗ്രഹണത്തിലുപരിയായി ‘പരീക്ഷ’ എന്ന പമ്പരവിഢിത്തത്തിന് പുറകേ പായുന്നത്.

ഒരു വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ കഴിവുകളെ പരീക്ഷിക്കാന്‍ പ്രാപ്തിയില്ലാത്ത ‘പരീക്ഷ’ യേക്കാള്‍ വലിയ ഒരു വിഢിത്തം ഈ സമ്പ്രദായത്തില്‍ വേറെ ഇല്ല. പ്രത്യക്ഷത്തില്‍ ഈ പരീക്ഷകള്‍ ഒരു ഓര്‍മ്മപരീക്ഷണമാണ് എന്നു വേണമെങ്കില്‍ പറയാം. പഠിക്കുന്ന വിഷയത്തില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥി രണ്ടു രീതിയില്‍ പഠിക്കേണ്ട സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഒന്ന് ആശയഗ്രഹണത്തിന് വേണ്ടി പഠിക്കുക, മറ്റൊന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പരീക്ഷക്ക് വേണ്ടി പഠിക്കുക. ഇതു രണ്ടും കൂടി ഒരേ സമയം നടപ്പിലാക്കുക ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് കഴിയുന്നതല്ല. ‘കഴിയുന്നതല്ല‘ എന്ന പ്രയോഗം തെറ്റിദ്ധാരണകള്‍ സൃഷിച്ചേക്കാം. അതിനാല്‍ ഒന്നുകൂടി ഇതിനെ വിശദീകരിക്കേണ്ടിയിരിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച രണ്ടു കാര്യങ്ങളും ഒരേ സമയം നടക്കണമെങ്കില്‍, ഒന്നുകില്‍ വിദ്യാര്‍ത്ഥി വളരെ സമര്‍ത്ഥനായിരിക്കണം. അതായത് നല്ല തോതില്‍ ഓര്‍മ്മശക്തിയും, ആശയഗ്രഹണത്തിനുള്ള കഴിവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ആ വിദ്യാര്‍ത്ഥി ഒരു പുസ്തകപ്പുഴുവാകണം. അതായത് ഒരു മനുഷ്യജീവി എന്നതിലുപരി ഒരു പഠനജീവിയായി മാറണം. എഞിനിയറിംഗ് വിദ്യാഭ്യാസത്തിലും മറ്റും ‘എത്ര പഠിച്ചാലും തീരില്ല’ എന്നത് ഒരു സ്ഥിരം പല്ലവിയാകുന്നത് ഇവിടെ അന്വര്‍ത്ഥമാണ്. ഇപ്പറഞ്ഞത്, പരീക്ഷയ്ക്കു വേണ്ടിയുള്ള പഠനവും, ആശയഗ്രഹണവും ഒരുപോലെ കൊണ്ടുപോകുന്നതിനെക്കുറിച്ചാണ്. ഇനിയുള്ള രണ്ട് ഉപാധികള്‍ പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിക്കുക അല്ലെങ്കില്‍ ആശയഗ്രഹണത്തിനു വേണ്ടി മാത്രം പഠിക്കുക എന്നിവയാണ്. പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിക്കുമ്പോള്‍ ‘ബോധ്യപ്പെടുത്താന്‍’ കൃത്യമായി കഴിയുമെങ്കിലും കാര്യങ്ങളില്‍ ധാരണയുണ്ടാകാത്തതിനോടൊപ്പം ഒരു തരത്തിലുള്ള മാനസിക വികാസവും ഉണ്ടാകുന്നില്ല. ആശയഗ്രഹണത്തിനു വേണ്ടി പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് ‘ഉന്നത വിജയം’ ലഭിക്കണമെന്നില്ല. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഇപ്പറഞ്ഞ രണ്ടിനേയും ഭാഗീകമായി സ്വീകരിക്കുന്നവരാണ്. അതായത് മനഃസ്സിലാക്കാന്‍ കഴിയുന്നവ മനഃസ്സിലാക്കിയും അല്ലാത്തവ പരീക്ഷക്ക് വേണ്ടിയും പഠിക്കുന്നു. ഇവിടെ സംഭവിക്കുന്നത്, ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആശയങ്ങള്‍ (Basic Concepts) പലപ്പോഴും മനസ്സിലാക്കാന്‍ കഴിയാത്ത മരീചികയായി അവശേഷിക്കുന്നു എന്നതാണ്. ഇതിന്റെ രത്നച്ചുരുക്കം, പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിക്കൊണ്ട് ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക്, പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം നടത്താന്‍ കഴിയില്ല എന്നതാണ്.

ഇവിടെയുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം യഥാര്‍ത്ഥ ആശയം (concept) മനസ്സിലാകാത്തവരും യാന്ത്രികമായ പരീക്ഷയിലൂടെ ‘ബോധ്യപ്പെടുത്തല്‍’ കൃത്യമായി നടത്തുന്നു. ഇത്തരം വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടാകുന്ന അദ്ധ്യാപകര്‍ക്ക് അദ്ധ്യാപനവും ആ രീതിയില്‍ (പരീക്ഷയ്ക്കു വേണ്ടിയുള്ള അദ്ധ്യാപനം) മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ. ഇതോടെ വിദ്യാഭ്യാസം അതിന്റെ അര്‍ത്ഥശൂന്യതയുടെ പാരമ്യത്തിലെത്തുന്നു.

നല്ല ഉദ്ദേശ്യലക്ഷ്യമുള്ള, എന്നാല്‍ നമ്മുടെ വിദ്യാഭ്യാസത്തില്‍ വെറും പ്രഹസനമായി മാറിയിട്ടുള്ള മറ്റൊരു സംഗതിയാണ് ‘Assignments’. ഇതിന് ഇന്ന് അര്‍ത്ഥങ്ങള്‍ പലതാണ്: വിദ്യാര്‍ത്ഥിയുടെ പകര്‍ത്താനുള്ള കഴിവളക്കല്‍, അവന്റെ കലാബോധം അളക്കല്‍, അധ്യാപകന്റെ വിദ്യര്‍ത്ഥികളുടെ മേലുള്ള അധികാര പരീക്ഷണം എന്നെല്ലാം ‘Assignment’ ന് അര്‍ത്ഥങ്ങള്‍ കണ്ടെത്താം. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ‘Assignment’ എന്നാല്‍ പകര്‍ത്തെഴുത്താണ്. നല്ലൊരു ശതമാനം അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികളുടെ അനുസരണാശീലം അളക്കാനുള്ള ഉപാധിയാണ് ‘Assignment’. ഇതിന്റെ ഒരു ബാക്കിപത്രമാണ് ‘Internal marks’. ഈശ്വരവിശ്വാസവും പാപഭാരവും മറ്റും മുന്നില്‍ കാട്ടി ഒരു വിഭാഗം ജനതയെ മറ്റൊരു വിഭാഗം അടക്കി ഭരിക്കുന്നതു പോലെ വിദ്യാര്‍ത്ഥി സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്താനുള്ള അധ്യാപകരുടെ ഒരു തുരുപ്പുശീട്ടായി മാറിയിരിക്കുന്നു ‘Internal marks’. ഈ സ്ഥിതിവിശേഷത്തിന് ആരാണ് ഉത്തരവാദി? അദ്ധ്യാപകനോ അതോ വിദ്യാര്‍ത്ഥിയോ? വിദ്യാഭ്യാസ സമ്പ്രദായം എന്നതാണ് ശരിയുത്തരം. പരീക്ഷയെ മുന്‍ നിര്‍ത്തിയുള്ള ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരിക്കലും ‘Assignments’, ‘Projects’, ‘Internal marks’ എന്നിവ പോലുള്ള സംഗതികള്‍ക്ക് അതിന്റെ തനതു ലക്ഷ്യം നിറവേറ്റാനാകില്ല.

നമ്മുടെ വിദ്യാഭ്യാസത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ച് ചീഞ്ഞ് നാറുന്നതിന്റെ ഗന്ധം, അസ്സഹനീയമായി മാറിക്കഴിഞ്ഞിരിക്കുന്നു. ക്യാപ്സൂള്‍ രൂപത്തിലുള്ള പഠനപുസ്തകങ്ങളും, നോട്ടുകളും ഈ സമ്പ്രദായത്തിന്റെ അനിവാര്യമായ അന്ത്യത്തിലേക്കുള്ള സൂചനകളായി കാണാം. അത്തരം ഒരു അന്ത്യത്തിനു വേണ്ടി വിദ്യാഭ്യാസ ഗവേഷകരും മറ്റും പരിശ്രമിക്കുമെന്നും, അതിലൂടെ ഒരു നവ വിദ്യാഭ്യാസ സമ്പ്രദായം ഉടലെടുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

5 comments:

Binu Paravur said...

ഒരു രണ്ടാം വര്‍ഷ ബി.ടെക് വിദ്യാത്ഥി എന്ന നിലയില്‍ ഇന്നത്തെ പരീക്ഷാകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ തിക്തഫലങ്ങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരാളാണ് ഞാന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി ഒരു വിമര്‍ശന പഠനം നടത്തിയതിലൂടെ ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളാണ് ഈ ലേഖനം. കൂടുതല്‍ വ്യത്യസ്ഥമായ ആശയങ്ങള്‍ മറുമൊഴികളിലൂടെ പ്രതീക്ഷിക്കുന്നു...

Sandeep.G.Varier said...

ബിനു പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. 2013ല്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്പോഴേക്കും ഇന്റര്‍നെറ്റിന്റെ പ്രസക്തി നഷ്ടപ്പെടാനും മറ്റെന്തെങ്കിലും സാങ്കേതിക വിദ്യ കടന്നു വരാനും സാധ്യത ഉണ്ട്. എപ്പോഴും വളരെ പതുക്കെയാണ് നമ്മുടെ ഭരണകര്‍ത്താക്കളും നയരൂപീകരണം നടത്തേണ്ടവരും ഒക്കെ ചിന്തിക്കുന്നത്. 2013 ആവുമ്പോഴേക്കും നാനോ ടെക്നോളജി നിര്‍ബന്ധ പാഠ്യവിഷയമാവും എന്ന് പറയാന്‍ മാത്രം ബുദ്ധി നമ്മുടെ സര്‍ക്കാരിനില്ലാതെ പോവുന്നു. പ്ലസ് ടു നിലവാരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും സ്കൂളില്‍ കമ്പ്യൂട്ടര്‍ പഠിച്ചതു കൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് അനുഭവത്തില്‍ നിന്ന് നേരിട്ടറിയാം. ഒട്ടേറെ പ്ലസ് ടു കുട്ടികള്‍ എന്റെ കഫെയില്‍ വരികയും എന്റെ സഹായത്തോടെ ചില വിഷയങ്ങളെ സംബന്ധിച്ച പ്രിന്റ് ഔട്ടുകള്‍ എടുത്തു കൊണ്ടു പോവുകയും ചെയ്യുന്നു. അവരെ കുഴക്കുന്നത് അവര്‍ പഠിച്ച തിയറി ക്ലാസുകളാണ്. ഇവിടെ എക്സ്.പി ഓപ്പറേറ്റിംഗ് സിസ്റ്റം കണ്ടാല്‍ അവരില്‍ ഭൂരിഭാഗവും അന്തം വിടുന്നു.

ടോട്ടോചാന്‍ said...

ഇന്നത്തെ വിദ്യാഭ്യാസ രീതി ഏറെ പരിഷ്കരിക്കപ്പെട്ടു കഴിഞ്ഞു. പ്രായോഗികതയിലൂടെ തന്നെയാണ് കുട്ടികള്‍ പഠിക്കുന്നത്. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്കൂളുകളില്‍. അവള്‍ക്ക് പഠനം രസകരമായി മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇംഗ്ളീഷ് മാധ്യമം വിദ്യാലയങ്ങളില്‍ ഇന്നും തലതിരിഞ്ഞ രീതി തന്നെ തുടരുന്നു........

CEEKAY said...

Hi, Mr. Binu,
Malayalam type cheyyunnad ethu software upayokichanu? Njanum Malayalam typewriting Kazhinjatha. Etho oru blogil Binuvinte ee doubt Kandu. Onnu Help cheyyamo?

Binu Paravur said...

@edukeralam: സര്‍ക്കാര്‍ സ്കൂളുകളില്‍ പഠന രീതി ഇന്ന്‍ വളരെ മെച്ചപ്പെട്ടു കഴിഞ്ഞു എന്നതില്‍ സംശയം ഇല്ല. ഇവിടെ ചോദ്യം ചെയ്യുന്നത് നമ്മുടെ കോളേജ് തലത്തിലുള്ള വിദ്യഭാസത്തെയാണ്. മാതൃഭൂമി ആഴ്ചപതിപ്പ് 2010 ഒക്ടോബര്‍ 24 (ലക്കം 33) പ്രസിദ്ധികരിച്ച 'സ്കൂള്‍ ഇല്‍ നിന്ന കോളേജ് ഇലേക്ക് തോല്കുമ്പോള്‍' എന്ന തലക്കെട്ടില്‍ പി. പ്രേമചന്ദ്രന്‍ എഴുതിയ ലേഖനം ഇവിടെ വളരെ പ്രസക്തമാനെന്ന്‍ തോനുന്നു.

@CEEKAY: ഞാന്‍ ഇപ്പോള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍ ന്റെ 'Google transliteration' എന്ന സൗകര്യം ആണ് പ്രയോച്ചനപ്പെടുത്തുന്നത്. ഇതില്‍ മംഗ്ലീഷ് ആണ് ടൈപ്പ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ type writing അറിയവുന്നതിന്റെ പ്രയൊചനം ലഭിക്കില്ല.