വരന് മാതാപിതാക്കളുടെ കൈ പിടിച്ച് അരങ്ങിലെത്തുന്നു. മുഖം കണ്ടാലറിയാം നെഞ്ചിടിപ്പിന്റെ വേഗത. നടന്ന് അരങ്ങിന്റെ മുന്നിലെത്തി എല്ലാവറ്ക്കും കൂടി കൈ കൂപ്പി ഒരു പ്രണാമം. പിന്നെ തിരിച്ച് നടന്ന് മണ്ഡപത്തില്‍ കയറി ഇരിപ്പായി. അപ്പോഴേക്കും ‘സ്ഥലത്തെ പ്രധാനവ്യക്തി‘ വിയര്‍പ്പില്‍ കുളിച്ച്, മുഖത്ത് കൃത്രിമമായ ഒരു ആശങ്കയൊക്കെ നിറച്ച് എങ്ങോട്ടെന്നില്ലാതെ കറങ്ങുകയാണ്; പൂജാരി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു ജാഥ അരങ്ങിലേക്ക് മാര്‍ച്ച് ചെയ്ത് വരികയാണ്. എല്ലാവരുടെ കൈയിലും തിരിനാളം. ഇതു കണ്ടപ്പോഴാണ് ഗണിതത്തില്‍ സമാന്തര ശ്രേണിയും സമഗുണിത ശ്രേണിയും പഠിച്ചതിന്റെ ഉപയോഗം മനസ്സിലായത്. മാര്‍ച്ചില്‍ പ്ങ്കെടുക്കുന്നവരുടെ ഉയരം ഇതിലേതോ ശ്രേണിയില്‍ പെട്ടതാണ്. ഏതു ശ്രേണിയാണെന്നു കണ്ടെത്താനുള്ള കഠിന പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് മനസ്സിലാകുന്നത് അതൊരു ജാഥയല്ലെന്ന്. കാരണം വധു ജാഥയുടെ അവസാനം വരുന്നു. ഏതായാലും വന്ന നില്പ്പില് തന്നെ നില്‍ക്കാതെ അവര്‍ നടക്കുകയാണ്. അതും മണ്ഡപത്തെ ചുറ്റി. ആദ്യമേ വന്ന കുട്ടികള്‍ വലിയ ഉത്സാഹത്തിലാണ്. അവര്‍ കൈയിലിരുന്ന തിരിനാളം അരങ്ങിന്റെ മുന്പില് കൊണ്ട് നിരത്തി വച്ചിട്ട് തുള്ളിച്ചാടി പൊയ്ക്കളഞ്ഞു. കുട്ടികളല്ലേ അവര്‍ ചിന്തിക്കില്ലല്ലോ അതവിടെയിരുന്നാല്‍ അപകടമാണെന്ന്. ആരെങ്കിലും വന്ന് അതെടുത്ത് മാറ്റും എന്ന പ്രതീക്ഷയില്‍ ഞാന്‍ അങ്ങനെ ഇരിക്കുമ്പോള്‍ വധുവും തിരിനാളം അവിടെ തന്നെ പ്രതിഷ്ഠിക്കുന്നു. എന്തു ചെയ്യും? ഏതായാലും, കുളിച്ച് സുന്ദരിയായി, മുഖത്ത് പൌഡറൊക്കെയിട്ട് തിളങ്ങുന്ന മുടിയുമായി കസേരയിലിരുന്ന് ചിരിക്കുന്ന മുത്തശ്ശിയുടെ നേരിയതില്‍ തീയൊന്നു കയറിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യത്തിന് അത് സംഭവിച്ചില്ല. ഒടുവില്‍ വധുവും കൈ കൂപ്പിയുള്ള പ്രണാമത്തിന് ശേഷം മണ്ഡപത്തില്‍ കയറി ഇരിപ്പായി. വധുവിന്റെ മുഖത്തും എന്തെന്നില്ലാത്ത പരിഭ്രമം.
വരന് വധുവിന്റെ മുഖത്ത് ഒന്നു നോക്കണമെന്ന് ആശ കാണില്ലേ? അതു പോലെ തിരിച്ചും. പക്ഷെ അവര്‍ നോക്കിയില്ല. ഒരു വാക്കു പോലും മിണ്ടിയതുമില്ല. എന്താ കാര്യം? സ്ഥലത്തെ പ്രധാന വ്യക്തി കര്‍മ്മങ്ങള്‍ അങ്ങു തുടങ്ങുകയായി. അദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമം കണ്ടുകൊണ്ട് എങ്ങനെയാണ് വരന് വധുവിനോട് എന്തെങ്കിലും സംസാരിക്കാന്‍ കഴിയുക? ആരും ഒന്നും സഹായിക്കാന്‍ പോലുമില്ലാതെ ‘പ്രധാനവ്യക്തി‘ തിടുക്കത്തില്‍ ജോലി തുടരുകയാണ്. ഇടതു കയ്യില്‍ ഒരു മണി പിടിപ്പിച്ചിട്ടുണ്ട്. അത് യാന്ത്രികമായി ണിം.. ണിം... എന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. ആള്ക്കാര് തന്നെ ശ്രദ്ധിക്കുന്നില്ല എന്നു തോന്നുമ്പോള്‍ ആകണം, മണി മുഴക്കത്തിന്റെ വേഗത ഒന്നു കൂട്ടി നല്ല ഉച്ചത്തില്‍ രണ്ട് മൂന്നെണ്ണം അടിക്കുന്നത്. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ പൂക്കളില്‍ ചിലത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇടുന്നത് കണ്ടു. പിന്നെ ഒരു തിരിനാളം എടുത്ത്, വധൂവരന്മാരുടെ മുഖം ഒന്നു കൂടി നന്നായി കാണാന്‍ എന്ന വണ്ണം അവര്‍ക്കു നേരെ പിടിച്ച് മൂന്നു പ്രാവശ്യം വൃത്തത്തില്‍ ഓടിച്ചു. പുള്ളിക്ക് ഈ മൂന്ന് എന്നത് ഒരു ഇഷ്ട സംഖ്യ ആണെന്നു തോന്നുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം ഈ മൂന്നിന്റെ സ്വാധീനം ദൃശ്യമാകുന്നുണ്ട്. പിന്നീട് ചെയ്തത് അവിടെ ഒരു മൊന്തയില്‍ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് തറയിലൊക്കെ കുടഞ്ഞ് വൃത്തികേടാക്കി, വധൂവരന്മാരോട് എന്തോ പറഞ്ഞു: “ശുദ്ധജലമാണ് കുടിച്ചോളൂ” എന്നോ മറ്റോ ആകണം പറഞ്ഞത്. തുടര്‍ന്ന് ജലം വധൂവരന്മാരുടെ കൈകളില്‍ പകര്‍ന്ന് കൊടുത്തു. അല്‍പ്പം കുടിച്ചപ്പോള്‍ എന്തോ അമളി പറ്റിയ പോലെ രണ്ട് പേരും കൈ തലയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. വെളിയില്‍ സ്ഥലമില്ലാഞ്ഞിട്ടാകുമോ അവര്‍ വെള്ളം തലയില്‍ ഒഴിച്ചത്? ‘പ്രധാനവ്യക്തി’ യുടെ ഇത്തരം വിക്രിയകള്‍ കുറച്ചു നേരം കൂടി തുടര്‍ന്നു. തുടര്‍ന്ന് കൂടി നിന്നവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു. വധൂവരന്മാരുള്‍പ്പടെ എല്ലാവരും കണ്ണും കാതും കൂര്‍പ്പിച്ച് നില്‍ക്കുകയാണ് പുള്ളി എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍. സ്ഥലത്തെ പ്രധാന വ്യക്തിയല്ലേ!! ഇതിനിടയില്‍ വധുവിന് വരനോടോ തിരിച്ചോ ഒരു കിന്നാരം ചൊല്ലാന്‍ എവിടെയാണ് സമയം?
ഇത്രയുമായപ്പോഴേക്കും പൂമാലയും താലിയും എത്തിക്കഴിഞ്ഞു. അതും ആദ്യം കൊടുത്തത് പൂജാരിയുടെ കൈകളിലാണ്. താലി കയ്യില്‍ കിട്ടിയ ഉടനേ അത് കയ്യില്‍ ചേര്‍ത്ത് വച്ചു കൊണ്ട് കണ്ണടച്ച് കുറച്ചു സമയം നിന്നു. മാല എത്ര പവനുണ്ടാകും, ഇപ്പൊ സ്വര്‍ണ്ണത്തിനെന്താ വില എന്നോ മറ്റോ ആകും ചിന്തിച്ചത്. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നിയത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍, “ഓ.. ഇതെനിക്കു വേണ്ട” എന്ന മട്ടില്‍ മാല വരന്റെ കയ്യില്‍ കൊടുത്തു. വരന് ഈ മാല വധുവിനെ ഒന്നണിയിക്കണമെങ്കില് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ആരൊക്കെ പറയുന്നത് കേള്‍ക്കണം? കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയണമെന്നോ, തല തിരിച്ചു പിടിക്കണമെന്നോ, കണ്ണുകള്‍ ഏങ്കോണിച്ച് വയ്ക്കണമെന്നോ ഒക്കെ പറയുന്നുണ്ടാകണം. ഏതായാലും പൂജാരി ഉള്ളത് രക്ഷയായി. പുള്ളി പറഞ്ഞാല്‍ പിന്നെ മറുവാക്കില്ലല്ലോ. എല്ലാ കാര്യങ്ങള്‍ ചെയ്യുമ്പോഴും മൂന്നിന്റെ സ്വാധീനം ഉണ്ടാകുന്നത് താലി കെട്ടുന്ന കാര്യത്തില്‍ ഉണ്ടാകാതിരുന്നത് ഭാഗ്യമായി!
ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്യുന്നതിനിടയില്‍ കത്തിച്ചു വച്ചിരിക്കുന്ന വിളക്കിന്റെ തിരിയെങ്ങാനും അബദ്ധത്തിന് അണഞ്ഞ് പോയിരുന്നെങ്കില്‍ പിന്നെ എന്തൊക്കെ പുകിലുണ്ടായേനെ? ഒരു പക്ഷെ അത് ഭാവിയില്‍ ഒരു വിവാഹമോചനം വരെയെത്തിയേക്കാന് തക്ക കാരണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാലയിടല്‍ കഴിഞ്ഞതോടെ വധൂവരന്മാരെ താഴെയിറക്കി നടത്തിക്കുകയാണ്. അവിടെയും മൂന്ന്. മണ്ഡപത്തിനു ചുറ്റും മൂന്ന് തവണ കറങ്ങി അവര്‍ നടന്ന് അണിയറയിലേക്ക് കയറിപ്പോയി. ഏതായാലും ‘സ്ഥലത്തെ പ്രധാന വ്യക്തി’ യെ പിന്നെ കണ്ടതേയില്ല. പിന്നെ ഞാന്‍ ഒരു മല്പിടുത്തമൊക്കെ നടത്തി സദ്യയും കഴിഞ്ഞ് തിരിച്ച് വന്ന് കസേരയില്‍ വിശ്രമിക്കുമ്പോഴാണ് വധൂവരന്മാരെ ചിരിച്ച മുഖത്തോടെ ഒന്നു കാണാന്‍ കഴിഞ്ഞത്. ഞാന്‍ ചിന്തിക്കുകയായിരുന്നു:
ജീവിതത്തില്‍ എത്രയധികം പ്രണയാര്‍ദ്രവും, വികാര നിര്ഭരവുമായ ഒരു സന്ദര്‍ഭത്തെയാണ് വെറും യാന്ത്രികമായ ഒരു ചടങ്ങാക്കി മാറ്റിയത്. സ്വതന്ത്രമായി ഒന്നു സംസാരിക്കാന്‍ കഴിയാതെ, വീര്‍പ്പുമുട്ടലോടെ, ചെയ്യുന്ന കര്‍മ്മങ്ങളില്‍ പിശക് വരാതെ ശ്രദ്ധിച്ച്, സൂക്ഷിച്ച് നടത്തുന്ന ആ ചടങ്ങ് ഒന്നു കഴിഞ്ഞിട്ട് വേണം വധൂവരന്മാര്ക്ക് എന്തെങ്കിലും സംസാരിക്കാന്‍, ഒന്നു തമാശിക്കാന്‍, ഒന്നു ചിരിക്കാന്‍... ജീവിതത്തിലെ ഏറ്റവും മനോഹരമായ ഇത്തരം സന്ദര്‍ഭങ്ങളെ എന്തിന് ചടങ്ങുകളുടെയും വിശ്വാസങ്ങളുടെയും ചങ്ങലപ്പൂട്ട് കൊണ്ട് വരിഞ്ഞ് മുറുക്കുന്നു? അല്ലാതെ തന്നെ സമൂഹം നിയന്ത്രണങ്ങളും ശാസനകളും കൊണ്ട് നിറഞ്ഞതാണല്ലോ. അന്ധവിശ്വാസങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് ഇനി എന്നാണ് നമുക്ക് നന്നായി ശ്വാസം കഴിക്കാനാകുക?
കടപ്പാട്: ഇങ്ങനെ ഒരു തുടര്‍വായന തയാറാക്കാന്‍ പ്രേരകമായ ശ്രീ സുകുമാര്‍ ന്റെ 'കതിര് മണ്ഡപത്തിലെ ആരാച്ചാര്‍' എന്ന ലേഖനം.
7 comments:
ജീവിതത്തില്‍ എത്രയധികം പ്രണയാര്‍ദ്രവും, വികാര നിര്ഭരവുമായ ഒരു സന്ദര്‍ഭത്തെയാണ് വെറും യാന്ത്രികമായ ഒരു ചടങ്ങാക്കി മാറ്റിയത്.
this is the crux of the post. i really enjoyed. We have to change all these 'rubbish' aacharangal. good post. Now you are a full fledged blogar
ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്യുന്നതിനിടയില്‍ കത്തിച്ചു വച്ചിരിക്കുന്ന വിളക്കിന്റെ തിരിയെങ്ങാനും അബദ്ധത്തിന് അണഞ്ഞ് പോയിരുന്നെങ്കില്‍ പിന്നെ എന്തൊക്കെ പുകിലുണ്ടായേനെ? ഒരു പക്ഷെ അത് ഭാവിയില്‍ ഒരു വിവാഹമോചനം വരെയെത്തിയേക്കാന് തക്ക കാരണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇതാണ് എനിക്കിഷ്ടപ്പെട്ടത്. കിടിലന്‍ നിരീക്ഷണം. ഇനിയുമേറെ പ്രതീക്ഷിക്കുന്നു.
കൊള്ളാം.
അതെ, അതെ. വിവാഹം എന്ന സുന്ദരപ്രക്രിയയുടെ റൊമാന്റികത കളഞ്ഞുകുളിക്കാന്‍ മാത്രം ഉതകുന്ന ആചാരാനുഷ്ടാനങ്ങള്‍!
ഇതൊന്നു നോക്കിയേ:
ചെറുക്കന് പെണ്ണിനോട്: എടി പെണ്ണെ എനിക്കു നിന്നെ കെട്ടണം കെട്ടണം എന്നു തോന്നീട്ട് കാലം കുറെയായി.
പെണ്ണു: എന്നാ അങ്ങു കെട്ടിക്കൂടെ?
ചെറുക്കന്: വെറുതെയങ്ങു കെട്ടാനൊക്കുമോ? നാലാളെ വിളിക്കണം, കല്യാണപ്പന്തലുവേണം, പൂജാരി വേണം... അങ്ങിനെ ചടങ്ങുകളൊക്കെ വേണ്ടേ?
പെണ്ണ്: എന്തൂട്ടിന്? നിങ്ങളു നാളെ ആ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്ദിന്റെ അടുത്തുള്ള പൂക്കടയില്‍ നിന്നു ഒരു മാല വാങ്ങി കാത്തു നില്ക്ക്. ഞാന്‍ കൃത്യം രാവിലെ എട്ടരയുടെ ഷട്ടിലിനെത്തും.
പറഞ്ഞ പ്രകാരം അവള് ഷട്ടിലില്‍ നിന്നിറങ്ങിയതും അവന് അവളുടെ കളകണ്ഠത്തില്‍ മുല്ലപ്പൂമാല ചാര്‍ത്തി.
പിന്നെ എരപ്പിച്ചു നിര്‍ത്തിയിരുന്ന ഫാസ്റ്റില്‍ ചാടിക്കയറി നേരെ ഊട്ടിക്കു വിട്ടു ഹണിമൂണിനു.
എന്തോരു സുകം!
ഇതു കൊള്ളാം..നല്ല ചിന്തകള്‍..ഒന്നൂടിയുണ്ട് കേട്ടോ.. വധൂന്റെ വേഷഭൂഷാദികള്‍. നല്ല പളപളാന്നുള്ള പട്ടുസാരി,കിലോക്കണക്കിന് ആഭരണങ്ങള്‍, തലേലാണെങ്കില് ഒരു കൊച്ചു പൂന്തോട്ടം ഇതിനെല്ലാം പുറമേ പത്തിഞ്ചു കനത്തില്‍ മേക്കപ്പും. നല്ല വേനല്‍ക്കാലത്താണ് കല്യാണമെങ്കില്‍ പാവത്തിന്റെ പണി തീര്‍ന്നതു തന്നെ :-)
ആവനാഴി മാഷേ ആ കമന്റു കലക്കി.എത്ര മനോഹരമായ നടക്കാത്ത സ്വപ്നം...
wow...this is superb...i really enjoyed it...the way you described the real situation in the sense of a joke...now i know that you are a very good joker who can make people laugh easily!!!
ഭാരതീയ വൈവാഹിക ചടങ്ങുകള്‍ ദീര്‍ഘവും വിരസവുമാണ് എന്നതിനോട് യോജിപ്പില്ല. വിവാഹ സമയത്തും വളരെ സന്തോഷമായും സംസാരിച്ചും ഇരിക്കുന്ന എത്രയോ ദമ്പതികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും ബിനു പറഞ്ഞ രീതിയില്‍ പേടിച്ചു വിറച്ചിരിക്കുന്നവര് തന്നെയാണ്. അതിനു കാരണം ഒരു പക്ഷേ ആദ്യമായി ഒരു സദസ്സിന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ മേലാണ് എന്ന തോന്നലില്‍ നിന്നുണ്ടാവുന്ന ജാള്യത തന്നെയാവാം. ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു നിമിഷം, അത് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ വിശ്വാസത്തിന് അനുസൃതമായ ചടങ്ങുകളോടെയാവുന്നതാണ് ഉത്തമം. അല്ലെങ്കില്‍ ഒരു പക്ഷേ ആവനാഴിയുടെ അഭിപ്രായത്തില്‍ ഉള്ള പോലെ കെ.എസ്.ആര്.ടി.സി ഊട്ടിയില്‍ നിന്ന് തിരികെ എത്തുമ്പോഴേക്കും ബന്ധവും അവസാനിച്ചേക്കാം.
Post a Comment